ജറുസലേം: ആദ്യഘട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായുള്ള 602 പലസ്തീൻ തടവുകാരുടെ മോചനം നീട്ടിവെച്ച് ഇസ്രയേൽ. അടുത്ത ഘട്ടത്തിൽ മോചിപ്പിക്കപ്പെടുന്ന ഇസ്രയേലി ബന്ദികളുടെ കാര്യത്തിൽ ഉറപ്പു വേണമെന്ന് കാട്ടിയാണ് നടപടി. 63 ഇസ്രയേലി ബന്ദികൾ തുടർന്നുള്ള ഘട്ടങ്ങളിൽ ഇനിയും മോചിപ്പിക്കപ്പെടാനുണ്ട്. അതിനായി ചർച്ചകൾ നടക്കാനിരിക്കെയാണ് തടവുകാരുടെ മോചനം നീട്ടിവെച്ച ഇസ്രയേൽ നടപടി.
ശേഷിക്കുന്ന ബന്ദികളിൽ ചിലർ കൊല്ലപ്പെട്ടതായി സംശയിക്കുന്നുണ്ട്. ബന്ദി കൈമാറ്റത്തിന്റെ ഭാഗമായി ഇന്നലെ 6 ബന്ദികളെ ഹമാസ് കൈമാറിയിരുന്നു. ജനുവരി 19 ന് പ്രാബല്യത്തിൽ വന്ന ഇസ്രായേലും ഹമാസും തമ്മിലുള്ള മൂന്നാം ഘട്ട വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടത്തിൽ മോചിപ്പിക്കപ്പെടേണ്ട 33 പേരുടെ സംഘത്തിലെ അവസാനത്തെ ജീവിച്ചിരിക്കുന്ന ബന്ദികളാണ് ഇവർ. ഇതിൽ മോചനത്തിന് മുൻപ് ബന്ദികളെ പൊതു വേദിയിൽ കയറ്റി പ്രദർശിപ്പിച്ചതിനോട് വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ വിമർശനങ്ങളെ തള്ളിയ ഹമാസ്, ഇസ്രയേൽ ധാരണകളുടെ ലംഘനം നടത്തുകയാണെന്ന് കുറ്റപ്പെടുത്തി.