ഈരാറ്റുപേട്ട : മതവിദ്വേഷ പരാമര്‍ശ കേസിൽ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് കോടതിയിൽ കീഴടങ്ങിയ ബിജെപി നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജിനെ പോലീസ് കസ്റ്റഡിയില്‍ വിട്ട് ഈരാറ്റുപേട്ട കോടതി. ഇന്ന് വൈകുന്നേരം ആറുമണിവരെയാണ് പി.സി.യെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. രണ്ടുദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും നാലുമണിക്കൂര്‍ മാത്രമേ കസ്റ്റഡി അനുവദിച്ചുള്ളൂ. ആ സമയം കഴിഞ്ഞാല്‍ പി.സി.യെ വീണ്ടും മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കണം.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലിന്റെയോ തെളിവെടുപ്പിന്റെയോ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കസ്റ്റഡി സമയം അവസാനിച്ചാല്‍ ഇന്നുതന്നെ പി.സി. ജോര്‍ജിന്റെ ജാമ്യാപേക്ഷ പരിഗണിക്കും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ പി.സി. ജോര്‍ജ്, ഹാജരാവാൻ രണ്ട് ദിവസത്തെ സമയം പോലീസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നാടകീയമായി ഇന്ന് രാവിലെ 11 മണിയോടെ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങുകയായിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ഈരാറ്റുപേട്ട പോലീസ് പി.സി. ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ചെയ്തത്.
മതവിദ്വേഷ പരാമർശത്തിനും കലാപാഹ്വാനക്കുറ്റത്തിനും ആദ്യമായല്ല പിസി ജോർജ് അറസ്റ്റ് ചെയ്യപ്പെടുന്നത്. നേരത്തെ ഹിന്ദുമഹാസഭയുടെ സമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ട പി സി യുടെ നാടകീയരംഗങ്ങൾ ഏറെ ചർച്ചചെയ്യപ്പെട്ടതാണ്. ജാമ്യത്തിലിറങ്ങിയ പിസി വീണ്ടും മതവിദ്വേഷ പരാമർശം നടത്തി സ്വയം കേസ് ക്ഷണിച്ചു വരുത്തുകയായിരുന്നു. ‘മുപ്പതുവര്‍ഷത്തോളം എം.എല്‍.എ യായിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി.സി. ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ല’ എന്ന് ഹൈക്കോടതി ജാമ്യം തള്ളിക്കൊണ്ട് നിരീക്ഷിച്ചിരുന്നു.