ഹൈദരാബാദ്: തെലങ്കാനയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടയിൽ തുരങ്കത്തിന്റെ മേൽക്കൂര അടർന്ന് വീണ് കുടുങ്ങിപ്പോയ എട്ട് തൊഴിലാളികളുടെ അതിജീവനം ദുഷ്‌കരമാണെന്ന് തെലങ്കാന ടൂറിസം വകുപ്പ് മന്ത്രി ജുപ്പളളി കൃഷ്ണ റാവു.
”അപകടം നടന്ന സ്ഥലം മണ്ണിലും ചെളിയിലും പൂണ്ട് കിടക്കുന്നതിനാല്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാന്‍ 3-4 ദിവസം വേണ്ടിവരും. എട്ട് തൊഴിലാളികളെയും ജീവനോടെ രക്ഷിക്കാനാകുന്നതിന്റെ സാദ്ധ്യത വളരെ കുറവാണ്. അപകടമുണ്ടായ പ്രദേശത്തിനടുത്ത് 50 മീറ്ററോളം ഞാൻ ഇറങ്ങി. ടണലിന്റെ മറുവശം ദൃശ്യമായിരുന്നെങ്കിലും ഒമ്പത് മീറ്റര്‍ വ്യാസമുള്ള ടണലിന്റെ 25 അടിയോളം ചെളിനിറഞ്ഞ അവസ്ഥയിലാണ്.” മന്ത്രി വ്യക്തമാക്കി.
2023ല്‍ ഉത്തരാഖണ്ഡിലെ സില്‍കാര തുരങ്കത്തില്‍ കുടുങ്ങിക്കിടന്ന 41 തൊഴിലാളികളെ പുറത്തെത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ച റാറ്റ് ഹോള്‍ മൈനിങ് സംഘമാണ് തെലങ്കാനയിലെ രക്ഷാപ്രവര്‍ത്തനത്തിലും സജീവമായിട്ടുള്ളത്.
ടണലിലെ ചോര്‍ച്ച പരിഹരിക്കുന്നതിനുള്ള ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാലിന്റെ (എസ്.എല്‍.ബി.സി.) നിര്‍മ്മാണം പുരോഗമിക്കുന്ന തുരങ്കത്തിലാണ് അപകടമുണ്ടായത്. തകര്‍ന്ന ടണലില്‍ കുടുങ്ങിയ തൊഴിലാളികളുമായി ആശയവിനിമയം നടത്താന്‍ നിലവില്‍ സാധിക്കുന്നില്ലെന്ന് കളക്ടര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ അറിയിച്ചിരുന്നു.
രണ്ട് എഞ്ചിനിയര്‍മാരും ആറു തൊഴിലാളികളുമാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങിയിട്ടുള്ളത്. ബാക്കിയുള്ളവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. കുറച്ചുനാളായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാതിരുന്ന തുരങ്കത്തില്‍ അപകടമുണ്ടാകുന്നതിന് നാലു ദിവസം മുമ്പാണ് വീണ്ടും അറ്റകുറ്റപ്പണികൾ ആരംഭിച്ചത്.
എന്‍ഡിആര്‍എഫിന്റെ നാല് ടീമുകള്‍, 24 സൈനികര്‍, എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍, സിംഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡിലെ (എസ്സിസിഎല്‍) 23 അംഗങ്ങള്‍, ഇന്‍ഫ്രാ സ്ഥാപനത്തിലെ അംഗങ്ങള്‍ എന്നിവരാണ് രക്ഷാ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്.