ദുബൈ : ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ന്യൂസിലാൻ്റിനെ പരാജയപ്പെടുത്തി ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായി. 44 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. സെമിയിൽ ഇന്ത്യ ഇനി ഓസ്ട്രേലിയയെ നേരിടും.
ഇന്ത്യയുയർത്തിയ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 45.3 ഓവറില്‍ 205 റണ്‍സിന് ഓള്‍ഔട്ടായി. സ്പിന്നര്‍മാരെ ഫലപ്രദമായി ഉപയോഗിച്ചുള്ള ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തന്ത്രമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ന്യൂസിലാൻ്റിനെതിരെ 37.3 ഓവറും എറിഞ്ഞത് സ്പിന്നര്‍മാരാണ്. ചാംപ്യൻസ് ട്രോഫിയിലെ അരങ്ങേറ്റ മത്സരത്തിൽ10 ഓവറില്‍ 42 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയാണ് കിവീസിനെ തകര്‍ത്തത്. കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റ് നേടി. 120 പന്തില്‍ നിന്ന് ഏഴു ബൗണ്ടറിയടക്കം 81 റണ്‍സെടുത്ത കെയ്ന്‍ വില്യംസണ്‍ മാത്രമാണ് കിവീസ് നിരയിൽ പിടിച്ച് നിന്നത്.
രചിന്‍ രവീന്ദ്ര (6), വില്‍ യങ് (22), ഡാരില്‍ മിച്ചല്‍ (17), ടോം ലാഥം (14), ഗ്ലെന്‍ ഫിലിപ്‌സ് (12), മൈക്കല്‍ ബ്രേസ്‌വെല്‍ (2), മിച്ചല്‍ സാന്റ്‌നർ (28) എന്നിവർക്കൊന്നും മികച്ച ഇന്നിംഗ്സ് കാഴ്ചവെക്കാനായില്ല.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മുൻനിര തകർന്നു വീണപ്പോൾ നാലാം വിക്കറ്റില്‍ ഒന്നിച്ച ശ്രേയസ് അയ്യര്‍ – അക്ഷര്‍ പട്ടേല്‍ സഖ്യമാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്. 98 പന്തില്‍ നിന്ന് രണ്ടു സിക്‌സും നാല് ഫോറുമടക്കം 79 റണ്‍സെടുത്ത അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 61 പന്തുകള്‍ നേരിട്ട അക്ഷര്‍ ഒരു സിക്സും മൂന്ന് ഫോറുമടക്കം 42 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്ത 98 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് ബലമായത്. ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും വിജയിച്ച ഏക ടീമാണ് ഇന്ത്യ.