ബംഗളൂരു : വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച കന്നഡ നടി രന്യ റാവു ബംഗളൂരിൽ അറസ്റ്റിൽ. 14.8 കിലോ സ്വർണമാണ് നടിയിൽ നിന്നും ഡിആർഐ സംഘം പിടിച്ചെടുത്തത്. ദുബൈയിൽ നിന്ന് വരുന്ന വഴിയാണ് രന്യ സ്വർണം കടത്തിയത്. സ്വർണാഭരണങ്ങൾ അണിഞ്ഞതിന് പുറമെ ശരീരത്തിൽ ഒളിപ്പിച്ചുമാണ് നടി സ്വർണം കടത്താൻ ശ്രമിച്ചത്. ഡിആർഒ ഓഫിസിൽ നടിയെ ചോദ്യം ചെയ്യൽ തുടരുകയാണ്.
കർണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകളാണ് രന്യ റാവു. കഴിഞ്ഞ 15 ദിവസത്തിനിടെ നടി 4 തവണയാണ് ദുബൈ യാത്ര നടത്തിയത്. സ്വർണക്കടത്തിന് ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും പിന്തുണ ലഭിച്ചിരുന്നോ അതോ കള്ളക്കടത്ത് പ്രവർത്തനത്തിന് അറിയാതെ സഹായിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്. വിമാനത്താവളത്തിൽ അറ്റസ്ററ് ചെയ്യപ്പെടുമ്പോൾ രന്യ താൻ ഡിജിപിയുടെ മകളാണെന്ന് അവകാശപ്പെടുകയും വീട്ടിലേക്ക് കൊണ്ടുപോകാൻ പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരെ വിളിക്കുകയും ചെയ്തിരുന്നു.