തിരുവനന്തപുരം : സിനിമാ സമരത്തിൽ നിന്നും പിൻമാറണമെന്ന് ഫിലിം ചേംബറിനോട് മന്ത്രി സജി ചെറിയാന്‍. സമരവുമായി മുന്നോട്ട് പോകരുതെന്നും പ്രശ്ന വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്നും മന്ത്രി സംഘടനയെ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുമെങ്കിൽ ചർച്ചയ്ക്ക് തയ്യാറാകാമെന്നാണ് ഫിലിം ചേമ്പറിന്‍റെ നിലപാട്.
സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബറിന്‍റെ യോഗം ബുധനാഴ്ച കൊച്ചിയില്‍ നടക്കും. അതേസമയം നേരത്തെ അറിയിച്ചിരുന്ന സൂചനാ പണിമുടക്ക് മാര്‍ച്ച് 25 ന് മുന്‍പ് നടത്തുമെന്നും എമ്പുരാന്‍ സിനിമയുടെ റിലീസിന് തടസം ഉണ്ടാവില്ലെന്നും ഫിലിം ചേംബര്‍ അറിയിച്ചു. മാര്‍ച്ച് 27 നാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാൻ്റെ റിലീസ്.
ജൂണ്‍ 1 മുതല്‍ സിനിമാ മേഖല സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരം നടത്തുമെന്ന, നിര്‍മ്മാതാവ് സുരേഷ് കുമാറിന്‍റെ വാര്‍ത്താ സമ്മേളനത്തോടെയാണ് സിനിമാ മേഖലയിലെ അഭിപ്രായവ്യത്യാസങ്ങള്‍ പുറത്ത് വന്നത്. താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം ഉള്‍പ്പെടെ നിര്‍മ്മാതാക്കളെ പിന്നോട്ടടിക്കുകയാണെന്നും മലയാള സിനിമയുടെ കൊട്ടിഘോഷിക്കപ്പെട്ട 100 കോടി ക്ലബ്ബുകളും മറ്റും വാസ്തവ വിരുദ്ധമാണെന്നും സുരേഷ് കുമാര്‍ ആരോപിച്ചിരുന്നു.