തിരുവനന്തപുരം : എസ്‌ഡിപിഐയുടെ കേരളത്തിലെ സംസ്ഥാന കമ്മിറ്റി ഓഫീസിലും ദേശീയ ആസ്ഥാനത്തു മടക്കം രാജ്യത്തുള്ള 12 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്. എസ്ഡിപിഐ ദേശീയ അദ്ധ്യക്ഷൻ എം കെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെയാണ് പരിശോധന. തിരുവനന്തപുരം പാളയത്തുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിൽ പരിശോധന തുടരുന്നു.
ഡൽഹിയിലെ ദേശീയ ആസ്ഥാനത്ത് നടക്കുന്ന പരിശോധനയ്ക്കൊപ്പം തന്നെയാണ് മലപ്പുറം, ബെംഗളുരു, നന്ദ്യാൽ, താനെ, ചെന്നൈ, പകുർ, കൊൽക്കത്ത, ലഖ്‌നൗ, ജയ്‌പുർ എന്നിവിടങ്ങളിലും ആന്ധ്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലും റെയ്ഡ് തുടരുന്നത്. ലോക്കൽ പോലീസിനെ പോലും അറിയിക്കാതെ ടാക്സി കാറുകളിലാണ് ഇഡി ഉദ്യോഗസ്ഥർ റെയ്‌ഡിനെത്തിയത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ എസ്‌ഡിപിഐയെയും നിരോധിക്കാനുള്ള സാദ്ധ്യതയേറുന്നതിനിടെയാണ് രാജ്യവ്യാപകമായി പരിശോധന നടക്കുന്നത്.
എം കെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പിഎഫ്ഐയും എസ്‌ഡിപിഐയും ഒന്നാണെന്നാണ് ഇഡി വ്യക്തമാക്കിയിരുന്നു. ജിഹാദ് എല്ലാ രൂപത്തിലും നടപ്പാക്കാൻ പി എഫ് ഐ ശ്രമിച്ചതിന്റെ ഭാഗമായി ആണ് എസ്‌ഡിപിഐ രൂപീകരിച്ചതെന്നും അന്വേഷണ ഏജൻസി ആരോപിക്കുന്നു.
എസ്‌ഡിപിഐയുടെ നയരൂപീകരണം, തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയം, പ്രവർത്തന ഫണ്ട് എന്നിവയടക്കം എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് പിഎഫ്ഐ ആണെന്ന് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഇഡി വ്യക്തമാക്കുന്നു. എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചത് പിഎഫ്ഐ ആണ്. ഗൾഫിൽ നിന്നടക്കം നിയമ വിരുദ്ധമായി പണം എത്തി. രാജ്യത്ത് ആക്രമണവും ഭീകര പ്രവർത്തനവും നടത്താൻ ഗൾഫ് രാജ്യങ്ങളിൽ നിന്ന് പണം സ്വീകരിച്ചു. റമദാൻ കളക്ഷന്റെ എന്ന പേരിലും എസ്ഡിപിഐ പണം സ്വരൂപിച്ചു. എം.കെ ഫൈസിയുടെ അറിവോടെയാണ് ഇടപാടുകൾ നടന്നതെന്നാണ് ഇഡി ആരോപണം.
തെരഞ്ഞെടുപ്പിന് ഗൾഫിൽ നിന്ന് പണം പിരിക്കാൻ എസ്‌ഡിപിഐക്ക് പിഎഫ്ഐ അനുവാദം നൽകി. സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനുള്ള മാനദണ്ഡം തീരുമാനിച്ചത് പോപ്പുലർ ഫ്രണ്ടാണ്. 2019 ലോക്സഭ തെരഞ്ഞെടുപ്പ് വരെ 3.75 കോടി രൂപ പോപ്പുലർ ഫ്രണ്ട് എസ്‌ഡിപിഐക്ക് നൽകിയതിന് തെളിവുണ്ടെന്നും ഇഡി റിപ്പോർട്ട് പറയുന്നു. പിഎഫ്ഐയുടെ കേരള ആസ്ഥാനമായ കോഴിക്കോട് യൂണിറ്റി സെന്ററിൽ നിന്ന് കണ്ടെത്തിയ ചില രേഖകളാണ് ഇതിന് തെളിവായി ഇഡി ചൂണ്ടിക്കാട്ടുന്നത്. ബാങ്കിലൂടെ അല്ലാതെ നേരിട്ടാണ് പണം നൽകിയതെന്നും ഇഡി പറയുന്നു.
ഫൈസി നിയമ വിരുദ്ധമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്നും ഇഡി ആരോപിക്കുന്നു. പിഎഫ്ഐയുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ 61.72 കോടിയുടെ സ്വത്ത് കണ്ടെത്തിയെന്ന് ഇഡി അറിയിച്ചു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി ഇന്ത്യയിൽ ഇസ്മാമിക ഭരണം നടപ്പാക്കാൻ ശ്രമിച്ചുവെന്ന് കാട്ടിയാണ് നേരത്തെ കേന്ദ്രം പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്.
എന്നാൽ ഇഡി ആരോപണം വഫഖ് ബില്ലിനെതിരെ പാർട്ടി നടത്തുന്ന പ്രതിഷേധങ്ങളുടെ പകപ്പോക്കലാണെന്ന് എസ്‌ഡിപിഐ നേതൃത്വം പ്രതികരിച്ചു. കേരളത്തിലടക്കം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനാനിരിക്കെയാണ് പല മണ്ഡലങ്ങളിലും വോട്ടുള്ള എസ്‌ഡിപിഐക്കതിരെ കേന്ദ്രം നീക്കം ശക്തമാക്കുന്നത്.