കൊല്ലം: പശ്ചാത്തല സൗകര്യങ്ങളിൽ ഉൾപ്പെടെയുള്ള മുന്നേറ്റത്തിലൂടെ കേരള വികസനത്തിന് വൻ കുതിപ്പ് നൽകാനുള്ള പദ്ധതിയാണ് നവകേരളത്തിനായുള്ള പുതുവഴി നയരേഖ വിഭാവനം ചെയ്യുന്നത്. വൻതോതിൽ നിക്ഷേപം ആകർഷിക്കും. ഐ.ടി., ടൂറിസം മേഖലകൾ കൂടുതൽ ശക്തമാക്കാനുള്ള പദ്ധതികളും മാനുഫാക്ചറിങ് ഇൻഡസ്ട്രീസുപോലെ പിന്നിലായ രംഗങ്ങളിൽ കുതിച്ചു പാട്ടവും രേഖ ലക്ഷ്യം വെക്കുന്നു.
തൊഴിലവസരങ്ങൾ സൃഷ്ടിക്കലാണ് നവകേരളത്തിനായുള്ള പുതുവഴി രേഖയുടെ പ്രധാനലക്ഷ്യം. യുവാക്കൾ വിദേശത്ത് പോകുന്ന പ്രവണത തടയാൻ സമാന സാഹചര്യം നാട്ടിലുണ്ടാക്കണം. സ്കാൻഡിനേവിയൻ വികസിത രാജ്യങ്ങളിലെ മാതൃകകളാണ് ഇതിനായി പരിചയപ്പെടുത്തുന്നത്. 2022-ൽ എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട് രേഖയുടെ തുടർച്ചയായാണ് നവകേരളത്തിന് പുതുവഴികൾ രേഖ അദ്ദേഹം തന്നെ അവതരിപ്പിച്ചത്. 2022-ലെ രേഖ പിന്നീട് എൽ.ഡി.എഫ്. സർക്കാരിന്‍റെ നയരേഖയായി. സർക്കാർ മേഖലയിലും സഹകരണ മേഖലയിലും പി.പി.പി. മാതൃകയിലും സ്വകാര്യ മേഖലയിലും വൻകിട ഉന്നത വിദ്യാഭ്യാസ ഗവേഷണസ്ഥാപനങ്ങൾ വേണമെന്ന നിർദേശത്തിന്റെ ചുവടുപിടിച്ചാണ് സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതിനൽകിയത്.