തിരുവനന്തപുരം : അനന്തപുരിയെ ഭക്തി സാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല. പൊങ്കാല സമർപ്പണത്തിനായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ ഒഴുകിയെത്തി. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹ ചടങ്ങോടെയാണ് പൊങ്കാലക്ക് തുടക്കമായത്. 10.15 നായിരുന്നു അടുപ്പുവെട്ട്. ദേവിയെ പാടി കുടിയിരുത്തിയ ശേഷം പണ്ടാര അടുപ്പിലേക്കു ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് തീ പകർന്നു. ഇതോടെ ക്ഷേത്ര പരിസരത്തു നിന്ന് കിലോമീറ്ററുകളോളം ചുറ്റളവിലുള്ള ലക്ഷക്കണക്കിന് അടുപ്പുകളിലേക്ക് തീപടർന്നു.
1.15 ന് നിവേദ്യത്തോടെ പൊങ്കാല സമർപ്പണം പൂർണ്ണതയിലായി.
ഓരോ വർഷവും പൊങ്കാല അർപ്പിക്കാൻ എത്തുന്ന ഭക്തജനങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ദൃശ്യമാകുന്നത്.രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽ കുത്തൽ നടന്നു. വെള്ളിയാഴ്ച രാത്രി ഒരു മണിക്ക് നടക്കുന്ന കുരുതി സമർപ്പണത്തോടെ ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് സമാപനമാകും
പൊങ്കാലക്ക് ശേഷമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭയുടെ നേതൃത്വത്തിൽ പതിവ് പോലെ നടന്നു ശുചീകരണ പ്രവര്‍ത്തനങ്ങൾക്കും മറ്റുമായി ആകെ 3204 തൊഴിലാളികളെയാണ് നഗരസഭ നിയോഗിച്ചത്. എല്ലാവർഷത്തേയും പോലെ പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്ടിക ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട അര്‍ഹതപ്പെട്ട ഗുണഭോക്താക്കള്‍ക്ക് തിരുവനന്തപുരം നഗരസഭ എത്തിച്ച് നൽകും.