കോഴിക്കോട് : നല്ലളത്തുനിന്ന് സ്വര്‍ണം കൈക്കലാക്കി കടന്നുകളഞ്ഞ രണ്ട് സ്ത്രീകളെ ഹൊസ്ദുര്‍ഗ് പോലീസ് പിടികൂടി. മുംബൈ വാദ്ര രജുഗന്ധ് നഗറിലെ സല്‍മാ ഖാദര്‍ഖാന്‍ (25), ആന്ധ്രാപ്രദേശ് സ്വദേശിനിയും മുംബൈ ജോഗേഷ് വാരി സമര്‍ഥ് നഗറില്‍ താമസക്കാരിയുമായ ശ്രദ്ധാ രമേഷ് എന്ന ഫിര്‍ദ (37) എന്നിവരെയാണ് 200 ഗ്രാം സ്വർണ്ണവുമായി കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തും ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി. അജിത്കുമാറും ചേര്‍ന്ന് പിടികൂടിയത്.
ടാക്സിയില്‍ മംഗളൂരു വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇവർ കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ നിന്ന് വ്യാഴാഴ്ച രാത്രി പത്തോടെ
പോലീസ് കസ്റ്റഡിലായത്. കോഴിക്കോട് നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് ഇവർ പിടിയിലായത്. കോഴിക്കോട്ടെ സ്വര്‍ണ ബിസിനസുകാരന്‍ വടകര സ്വദേശി സുരേഷ്‌കുമാറിന്റെ പരാതിയിലാണ് നല്ലളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സുരേഷ്‌കുമാറും സഹായി വടകര സ്വദേശി ഹനീഫയും നല്ലളം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില് സ്വര്‍ണക്കഷണം ഉരുക്കി ആഭരണങ്ങളാക്കി വില്പന നടത്തുന്നവരാണ്. ഹനീഫയ്ക്ക് സല്‍മയെ ഗള്‍ഫില്‍വെച്ചുള്ള പരിചയമുണ്ട്. പുതിയ ജൂവലറി തുടങ്ങുന്നുവെന്നും കുറച്ച് സ്വര്‍ണം വാങ്ങണമെന്നും പറഞ്ഞ് വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ട് എത്തിയ സല്‍മയെയും ഫിര്‍ദയെയും ഹനീഫ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. കവറുകളിലാക്കി സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളുടെ കഷണങ്ങള്‍ കാണിച്ചുകൊടുത്ത് വില ഉറപ്പിച്ചു. ഹനീഫ ശൗചാലയത്തില്‍ പോയ സമയത്ത് മുഴുവന്‍ സ്വര്‍ണവും ഹനീഫയുടെ മൊബൈല്‍ഫോണും കൈക്കലാക്കി ഇരുവരും സ്ഥലംവിട്ടു.
അതേസമയം, സ്വര്‍ണ ഇടപാട് നടത്തുകയും പണം കൈമാറുകയും ചെയ്തുവെന്നും എന്നാല്‍ ഹനീഫ മറ്റാരാടോ ഫോണില്‍ സംസാരിക്കുന്നത് കേട്ട് സ്ഥലത്ത് നില്‍ക്കുന്നത് ശരിയല്ലെന്ന് തോന്നിയതിനാല്‍ സ്ഥലംവിടുകയായിരുന്നുവെന്നാണ് പ്രതികള്‍ ഹൊസ്ദുര്‍ഗ് പോലീസിന് നല്‍കിയ മൊഴി. ആറുപൊതികളിലായി സൂക്ഷിച്ച സ്വര്‍ണം ബാഗില്‍ നിന്ന് പോലീസ് കണ്ടെടുത്തു.
നല്ലളം ഇന്‍സ്‌പെക്ടര്‍ കെ. സുനില്‍ കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്ഐ കെ.പി.വി. രമേശന്‍ അറസ്റ്റ് ചെയ്തു. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (5) കോടതിയില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു.