ന്യൂഡൽഹി : യുഎസ് ദേശീയ രഹസ്യാന്വേഷണ ഏജൻസി മേധാവി തുൾസി ഗബ്ബാർഡ് ഇന്ത്യയിലെത്തി. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അദ്ധ്യക്ഷതയിലുള്ള യോഗങ്ങളിലും ന്യൂഡൽഹിയിൽ വിവിധ ലോകനേതാക്കൾ പങ്കെടുക്കുന്ന സമ്മേളനത്തിലും തുൾസി ഗബ്ബാർഡ് സാന്നിദ്ധ്യമാവും. ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥ എന്ന നിലയിൽ ഗബ്ബാർഡിന്റെ രണ്ടാമത്തെ രാജ്യാന്തര യാത്രയാണിത്. ഇന്ത്യയ്ക്ക് പുറമെ ജപ്പാൻ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളും തുൾസി സന്ദർശിക്കുമെന്നറിയുന്നു.
വിദേശകാര്യമന്ത്രാലയവും ഒബ്സർവ്വർ റിസർച്ച് ഫൗണ്ടേഷനും സംയുക്തമായി മാർച്ച് 17 മുതൽ 19 വരെ ന്യൂഡൽഹിയിൽ നടത്തുന്ന റയ്‌സീന ഡയലോഗിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് തുൾസി എത്തിയത്. സന്ദർശനത്തിനിടെ തുൾസി ഇന്ത്യൻ ഉദ്യോഗസ്ഥരുമായും മറ്റു രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായും ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുമെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
തീവ്രവാദ വിരുദ്ധത, സൈബർ സുരക്ഷ, നിർമ്മിത ബുദ്ധി, രഹസ്യവിവരങ്ങൾ പങ്കിടൽ തുടങ്ങി തന്ത്രപരമായ വിഷയങ്ങളിൽ ഇന്ത്യയുടെ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. ന്യൂഡൽഹിയിൽ നടക്കുന്ന സമ്മേളനത്തിൽ ആഗോള സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുന്നതിനായി ഓസ്‌ട്രേലിയ, ജർമനി, ന്യൂസീലൻഡ് തുടങ്ങി രാജ്യങ്ങളിൽനിന്നുള്ള രഹസ്യാന്വേഷണ വിഭാഗം മേധാവികളെയും ക്ഷണിച്ചിട്ടുണ്ട്.