തിരുവനന്തപുരം : മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. നേരത്തെ 25 വീടുകള്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. 24ന് നിര്‍മ്മാണത്തിനുള്ള തുക മുഖ്യമന്ത്രിക്ക് കൈമാറും. ഡിവൈഎഫ്‌ഐയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ആക്രി ശേഖരിച്ചും ചായക്കട നടത്തിയും കൂലിപ്പണികള്‍ ചെയ്തും പുസ്തകങ്ങള്‍ വിറ്റും വാഹനങ്ങള്‍ കഴുകിയും മത്സ്യം പിടിച്ച് വില്‍പന നടത്തിയുമാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വീട് നിര്‍മ്മിക്കാനുള്ള പണം കണ്ടെത്തിയതെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഡിവൈഎഫ്ഐ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം –
വയനാട് ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിന്റെ ഭീതിദമായ ഓര്‍മ്മകള്‍ക്ക് ഒരു വര്‍ഷം തികഞ്ഞിട്ടില്ല. കേരളം ഇന്നുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ആഘാതം സൃഷ്ടിച്ച പ്രകൃതി ദുരന്തമായാണ് മുണ്ടക്കൈ – ചൂരല്‍ മല ഉരുള്‍പൊട്ടലിനെ കാലം അടയാളപെടുത്തിയത്. ഒരു രാത്രി പുലരും മുമ്പ് ജീവന്‍ നഷ്ടപ്പെട്ടു പോയവരും ഉറ്റവരെ നഷ്ടപ്പെട്ടവരും ഇന്നും കേരള മനസാക്ഷിക്ക് മുന്നില്‍ കണ്ണീരുണങ്ങാത്ത ചിത്രങ്ങളാണ്.
സ്വന്തമെന്ന് കരുതിയതെല്ലാം നഷ്ടപ്പെട്ടവര്‍ ഇനിയെന്ത് ചെയ്യുമെന്ന് ഓര്‍ത്ത് പകച്ച് പോയ നിമിഷങ്ങള്‍.
സംസ്ഥാന സര്‍ക്കാരും മറ്റ് സംവിധാനങ്ങളും മനുഷ്യരെ ചേര്‍ത്തുപിടിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തന ഘട്ടത്തിന്റെ ആദ്യ മിനുട്ട് മുതല്‍ ഡിവൈഎഫ്‌ഐ – യൂത്ത് ബ്രിഗേഡ് രംഗത്തുണ്ടായിരുന്നു. ദുരന്തം ബാധിച്ച ജനതയുടെ പുനരധിവാസത്തിന് ഡിവൈഎഫ്‌ഐയാണ് ആദ്യമായി 25 വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും 100 വീട് നിര്‍മ്മിക്കുന്നതിലേക്ക് ആ ദൗത്യത്തെ എത്തിച്ചുവെന്ന സന്തോഷം അറിയിക്കട്ടെ.
ആക്രി ശേഖരിച്ചും ചായക്കട നടത്തിയും കൂലിപ്പണികള്‍ ചെയ്തും പുസ്തകങ്ങള്‍ വിറ്റും വാഹനങ്ങള്‍ കഴുകിയും മത്സ്യം പിടിച്ച് വില്‍പന നടത്തിയുമാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വീട് നിര്‍മിക്കാനുള്ള പണം കണ്ടെത്തിയത്. പുരസ്‌കാര, ഫെലോഷിപ്പ്, ശമ്പള തുകകള്‍ സംഭാവന ചെയ്തും വിവാഹ ചടങ്ങുകള്‍ക്ക് മാറ്റിവച്ച തുക തന്നും, ആഭരണങ്ങള്‍ ഊരി തന്നും, ഭൂമി സംഭാവന ചെയ്തും ആട്, പശു ഉള്‍പ്പെടുന്ന വളര്‍ത്ത് മൃഗങ്ങളെ തന്നും സുമനസുകള്‍ ഈ ഉദ്യമത്തിനൊപ്പം കൈകോര്‍ത്തു.
നാടിനുവേണ്ടി ഡിവൈഎഫ്‌ഐ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ബൃഹത്തായ ഈ ഉദ്യമം പുതുചരിത്രം കുറിച്ചു. നമ്മള്‍ വയനാട് പദ്ധതിയില്‍ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള ധാരണാ പത്രവും സമാഹരിച്ച തുകയും കൈമാറുന്ന ചടങ്ങ് മാര്‍ച്ച് 24ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം 5 മണിക്ക് നടക്കും. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. യൂത്ത് ബ്രിഗേഡ് സംഗമവും നടക്കും. പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നു. ഉദ്യമം വിജയിപ്പിക്കാന്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി.