തിരുവനന്തപുരം: സാങ്കേതിക വിദ്യയുടെ സഹായത്തോടെ
30 ദിവസംകൊണ്ട് കേരളം നടത്തിയ തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനം ഗുജറാത്തിൽ നടപ്പാക്കാൻ ഗുജറാത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരള മാതൃക നടപ്പാക്കാൻ ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ താത്പര്യവും സംസ്ഥാനത്തെ അറിയിച്ചുക്കഴിഞ്ഞു. കേരള മാതൃക സുഗമമാണെന്ന് ഗുജറാത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ജി.സി. ബ്രഹ്മ്ഭട്ട് കേരളത്തിലെ തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തിൽ പറയുന്നു.
ഇൻഫർമേഷൻ കേരളാ മിഷൻ തയ്യാറാക്കിയ ക്യൂഫീൽഡ് സോഫ്റ്റ‌്‌വേർ ഉപയോഗിച്ചാണ് കേരളത്തിൽ വാർഡ് വിഭജനം നടത്തിയത്. കേരളത്തെ മാതൃകയാക്കാനുള്ള ഗുജറാത്തിന്റെ താത്പര്യം, ഇൻഫർമേഷൻ കേരളാ മിഷനുള്ള അംഗീകാരമാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
ക്യൂഫീൽഡ് ആപ്പിൽ തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ഫീൽഡ് പരിശോധന നടത്തിയാണ് അതിർത്തികൾ രേഖപ്പെടുത്തിയത്. ഇന്റർനെറ്റ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ആപ്പിൽ നെറ്റ്‌വർക്ക് കണക്ടിവിറ്റി ഇല്ലാത്ത സ്ഥലങ്ങൾക്കായി ഓഫ്‌ലൈൻ മാപ്പിങും നടത്തിയിരുന്നു.