തിരുവനന്തപുരം: ‘എമ്പുരാന്‍’ സിനിമ വിവാദത്തിൽ പ്രതികരണവുമായി എം സ്വരാജ്. ‘നുണ രാജ്യം ഭരിക്കുമ്പോള്‍ സത്യം സെന്‍സര്‍ ചെയ്യപ്പെടു’മെന്നാണ് സിപിഎം നേതാവ് കൂടിയായ എം സ്വരാജിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘എമ്പുരാന്‍ സിനിമയ്ക്ക് നേരെ കടുത്ത വിമര്‍ശനവുമായി ബിജെപി, ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ചിത്രത്തിലെ ഗുജറാത്ത് കലാപരംഗങ്ങള്‍ ഉള്‍പ്പെടെ 17 സീനുകള്‍ ഒഴിവാക്കാന്‍ തീരുമാനമെടുത്തിരുന്നു.
എമ്പുരാന്‍ വിവാദമായതോടെ നടന്‍ മോഹന്‍ലാൽ ഖേദം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടിരുന്നു. ഒരു കലാകാരന്‍ എന്ന നിലയില്‍ തന്റെ ഒരു സിനിമ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ ആശയത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്നായിരുന്നു പ്രതികരണം. ഫെയ്‌സ്ബുക്കിലെ മോഹന്‍ലാലിൻ്റെ കുറിപ്പ് സംവിധായകനായ പൃഥ്വിരാജും പങ്കുവെച്ചു. മുഖ്യമന്ത്രിയടക്കം രാഷ്ട്രീയരംഗത്തെ പല പ്രമുഖരും ചിത്രത്തെ കുറിച്ചുള്ള വിവാദങ്ങളിൽ പ്രതികരണവുമായി രംഗത്തു വന്നിരുന്നു.