മ്യാൻമറിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,056 ആയി. 3,900 ൽ അധികം ആളുകൾക്ക് പരിക്കേറ്റു. 270 ഓളം പേരെ കാണാതായതായാണ് റിപ്പോർട്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുന്നു. മാർച്ച് 28-ലെ ഭൂകമ്പത്തിന് മൂന്ന് ദിവസത്തിന് ഇപ്പുറം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു സ്ത്രീയെ പുറത്തെടുത്തതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ഭൂകമ്പത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി ഒരാഴ്ചത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.

മണ്ടാലെ നഗരത്തിലെ ഗ്രേറ്റ് വാൾ ഹോട്ടലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഒരു സ്ത്രീയെ പുറത്തെടുത്തതെന്ന് മ്യാൻമറിലെ ചൈനീസ് എംബസി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു, അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച മ്യാൻമറിൽ വൻ നാശനഷ്ടവും തലസ്ഥാനമായ ബാങ്കോക്ക് ഉൾപ്പെടെ അയൽരാജ്യമായ തായ്‌ലൻഡിൽ നാശനഷ്ടങ്ങളും വിതച്ച 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപമാണ് മണ്ടാലേ.
തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ, നിർമ്മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകർന്നുവീണതിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി കരുതുന്ന 76 പേർക്കായും രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുന്നു.
ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളും ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര സംഘടനകളും, മ്യാൻമാറിലെ ഭൂകമ്പബാധിതർക്ക് ദുരിതാശ്വാസ സാധനങ്ങൾ എത്തിക്കുന്നുണ്ട്.