ന്യൂഡൽഹി : ഏപ്രിൽ ഒന്നുമുതൽ അമേരിക്ക, ബ്രിട്ടൺ, ഓസ്ട്രേലിയ യാത്രകൾക്ക് ചെലവേറും. വിദേശ പൗരന്മാർക്ക് ഈ രാജ്യങ്ങളെല്ലാം വിസ ഫീസ് വർദ്ധിപ്പിച്ചതാണ് കാരണം. നിലവിലുള്ള നിരക്കിനേക്കാൾ 13% വരെ വർദ്ധനവാണ് നിരക്കിൽ വന്നിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
വിസിറ്റ് വിസ, സ്റ്റുഡന്റ് വിസ, വർക്ക് വിസ എന്നിവയിലെല്ലാം ഈ നിരക്ക് വർദ്ധന ബാധകമാണ്. യുകെയിലും ഓസ്ട്രേലിയയിലും പഠനം ലക്ഷ്യമിട്ടു പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഇത് ഏറെ ബാധിക്കും. ആറുമാസത്തെ വിസിറ്റ് വിസയ്ക്ക് നേരത്തെ 12700 രൂപയാണ് യുകെ ഈടാക്കിയത്. ഇത് ഇനി മുതൽ 14000 രൂപയാകും.
രണ്ടുവർഷം വരെയുള്ള വിസിറ്റ് വിസക്ക് 52392 രൂപയാണ് പുതിയ നിരക്ക്. അഞ്ചുവർഷത്തേക്കുള്ള വിസിറ്റ് വിസയെങ്കിൽ 93533 രൂപ നൽകണം. പത്തുവർഷം താമസിക്കാൻ ആഗ്രഹിക്കുന്നവർ 116806 രൂപയാണ് നൽകേണ്ടത്. റെഗുലർ സ്റ്റുഡന്റ് വിസക്ക് പുതിയ ഫീസ് 57,796 രൂപയാണ്. ഇംഗ്ലീഷ് ഭാഷ കോഴ്സുകൾ പഠിക്കാനായി ആറു മുതൽ 11 മാസത്തേക്ക് വരെ ബ്രിട്ടനിൽ പോകാൻ ആഗ്രഹിക്കുന്നവർ 23604 രൂപ നൽകണം. മൂന്നുവർഷം വരെയുള്ള കില്‍ഡ് വർക്കർ വിസയുടെ പുതിയ 84,820 രൂപയാണ്. ഇന്നവേറ്റർ ഫൗണ്ടർ വിസയ്ക്ക് 140520 രൂപയാണ് പുതിയ ഫീസ്.
അതേസമയം തന്നെ ഓസ്ട്രേലിയയിൽ വിവിധ സർവ്വകലാശാലകൾ ട്യൂഷൻ ഫീ കുത്തനെ കൂട്ടിയതും കൂനിമേൽ കുരുയായി. 7% വരെയാണ് വർദ്ധന. മെൽബൺ സർവ്വകലാശാലയിൽ എൻജിനീയറിങ് പഠനത്തിന് 30.36 ലക്ഷം രൂപ പ്രതിവർഷം നൽകണം. ഇവിടെ ക്ലിനിക്കൽ മെഡിസിൻ പഠിക്കാൻ 60.6 ലക്ഷമാണ് വാർഷിക ഫീസ്.