ഭോപ്പാൽ : മധ്യപ്രദേശിലെ മതപരമായ പ്രാധാന്യമുള്ള 19 സ്ഥലങ്ങളിൽ ഏപ്രിൽ 1 മുതൽ മദ്യവിൽപ്പനക്ക് പൂർണ്ണനിരോധനം. മഹാകാലേശ്വർ ക്ഷേത്ര നഗരമായ ഉജ്ജൈൻ, അമർകാന്തക്, ഓംകാരേശ്വർ തുടങ്ങിയ പ്രശസ്ത സ്ഥലങ്ങൾ നിരോധന മേഖലയാകും. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പുതിയ എക്സൈസ് നയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പുതിയ നയപ്രകാരം നിരോധിത പ്രദേശങ്ങളിലെ മദ്യശാലകൾക്ക് പുതിയ ലൈസൻസുകൾ നൽകില്ലെന്നു മാത്രമല്ല, നിലവിലുള്ള ഔട്ട്‌ലെറ്റുകളുടെ തുടർ പ്രവർത്തനം നിർത്തലാക്കും. അടച്ചുപൂട്ടലിൽ നിന്നുള്ള വരുമാനനഷ്ടം നികത്താൻ മറ്റ് സ്ഥലങ്ങളിൽ മദ്യത്തിന്റെ വില വർദ്ധിപ്പിക്കാനും സർക്കാർ തീരുമാനമായി.
മുനിസിപ്പാലിറ്റികളും ഗ്രാമപഞ്ചായത്തുകളും മണ്ഡല, മുൽതായ്, മന്ദ്‌സൗർ, അമർകണ്ടക്, സൽക്കൻപൂർ, ബർമാങ്കള, ബർമാൻഖുർദ്, ലിംഗ, കുന്ദൽപൂർ, ബന്ദക്പൂർ, ഉജ്ജയിൻ, ഓംകാരേശ്വർ, മഹേശ്വര്, മണ്ഡലേശ്വർ, ഓർച്ച, മൈഹാർ, ചിത്രകൂട്, ദാതിയ, പന്ന, പനക്പുർ എന്നീ പ്രദേശങ്ങൾ മദ്യനിരോധിതമാകും.