ന്യൂഡൽഹി : വഖഫ് ഭേദഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാൻ ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കുമെന്ന് കോൺഗ്രസ് അദ്ധക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു.
വിവാദങ്ങൾക്കൊടുവിൽ വഖഫ് നിയമഭേദഗതി ബിൽ നാളെ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെയാണ് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ തീരുമാനം. മോദി സർക്കാരിന്റെ ഭരണഘടന വിരുദ്ധവും ഭിന്നിപ്പ് ഉണ്ടാക്കുന്നതുമായ അജണ്ടയെ പരാജയപ്പെടുത്തുന്നതിന് പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ഒന്നിച്ച് പ്രവർത്തിക്കുമെന്ന് അദേഹം പറഞ്ഞു. പാർലമെൻ്റിൽ ചേർന്ന ഇന്ത്യാ സഖ്യ പാർട്ടികളുടെ യോഗത്തിലാണ് തീരുമാനം
പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിൽ ബില്ലിലെ നിലപാട് കോൺഗ്രസ് വ്യക്തമാക്കി. പ്രതിപക്ഷം നാളെ ലോക്സഭയിലും പിന്നീട് രാജ്യസഭയിലും ബില്ലിനെ എതിർക്കും. മുഴുവൻ പ്രതിപക്ഷ പാർട്ടികളും യോഗത്തിൽ പങ്കെടുത്തു. 36 പ്രതിപക്ഷ പാർട്ടി നേതാക്കളും ഖർഗെ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തു. ഭരണപക്ഷം എന്തെല്ലാം പ്രകോപനം ഉണ്ടാക്കിയാലും സഭക്കുള്ളിൽ തുടരും. ചർച്ചയിൽ നിന്ന് മാറിനിൽക്കുകയോ ഇറങ്ങി പോവുകയോ ചെയ്യില്ല. സഭയ്ക്കുള്ളിൽ നിന്ന് ശക്തമായ എതിർ വാദം ഉയർത്താനും വോട്ടെടുപ്പ് ആവശ്യപ്പെടാനും പ്രതിപക്ഷം തീരുമാനിച്ചു. എല്ലാ പ്രതിപക്ഷ പാർട്ടികളും എംപിമാർക്ക് വിപ്പ് നൽകും.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്ജുവാണ് ലോക്സഭയിൽ ബിൽ അവതരിപ്പിക്കുക. ബില്ലിലെ ചർച്ചയിൽ പങ്കെടുക്കാൻ പാർട്ടി നിർദ്ദേശത്തെ തുടർന്ന് സിപിഐഎം എംപിമാർ മധുരയിൽ നിന്നും ഡൽഹിയ്ക്ക് തിരിച്ചു. ബില്ലിനെ അനുകൂലിക്കണമെന്ന് കത്തോലിക്കാ സഭ ആഹ്വാനം ചെയ്തിരുന്നു.
ബില്ല് 12 മണിക്കൂർ ചർച്ചചെയ്യണമെന്നും ഒപ്പം തന്നെ മണിപ്പൂർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ സഭയ്ക്കുള്ളിൽ ചർച്ചചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം മുന്നോട്ട് വെച്ചെങ്കിലും തള്ളിയിരുന്നു. ബിജെപി എല്ലാ എംപിമാർക്കും വിപ്പ് നൽകിയിട്ടുണ്ട്.