കൊച്ചി : ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ പ്രതി തസ്ലീമ സുൽത്താന ഇടപാട് നടത്തിയത് നടൻ ശ്രീനാഥ് ഭാസിയുമായാണെന്ന് വെളിപ്പെടുത്തൽ. ശ്രീനാഥ് ഭാസിയുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവ് എക്സൈസിന് ലഭിച്ചു. ശ്രീനാഥ് ഭാസി ഉപയോഗിച്ചത് തിരുവനന്തപുരം സ്വദേശിയായ പെൺസുഹൃത്തിന്റെ സിം ആണെന്നും അന്വേഷണ സംഘം കണ്ടെത്തി. കേസിൽ ശ്രീനാഥ് ഭാസിയെ ഉടൻ ചോദ്യം ചെയ്തേക്കും.
നടന്റെ പെൺസുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. പെൺസുഹൃത്ത് മാസങ്ങൾക്ക് മുൻപ് വിദേശയാത്ര നടത്തിയിരുന്നു. ഇവർ വഴിയാണോ ഹൈബ്രിഡ് കഞ്ചാവ് രാജ്യത്ത് എത്തിയത് എന്നും സംശയിക്കുന്നു. മലയാള സിനിമയിൽ ശ്രീനാഥ് ഭാസിക്ക് പുറമേ രണ്ട് നടന്മാരുമായി ഇടപാടുകൾ ഉണ്ടായിരുന്നു എന്നാണ് മൊഴി. ഇതിൽ ശ്രീനാഥ് ഭാസിയുമായുള്ള ചാറ്റുകൾ മാത്രമാണ് കണ്ടെത്തിയത്. കൂടുതൽ ചാറ്റുകൾ കണ്ടെത്താനായി ശാസ്ത്രീയ പരിശോധന തുടരുന്നു.
എക്സൈസ് നടപടികൾ കടുപ്പിക്കവെ മുൻകൂർ ജാമ്യാപേക്ഷയുമായി ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നീട് അത് പിൻവലിച്ചു. നിലവിൽ എക്സൈസ് പ്രതി ചേർക്കാത്ത സാഹചര്യത്തിലാണ് ഹർജി പിൻവലിച്ചത്. ഹർജി ഈ മാസം 22 ന് പരിഗണിക്കാൻ ഹൈക്കോടതി നേരത്തെ മാറ്റിയിരുന്നു
ഏപ്രിൽ ഒന്നിനാണ് ആലപ്പുഴയിൽ വെച്ച് തസ്ലിമ സുൽത്താനയെ 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി എക്‌സെസും ലഹരി വിരുദ്ധ പ്രത്യേക സ്‌ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ നടന്മാരായ ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്കെതിരെ തസ്ലിമ മൊഴി നൽകുകയായിരുന്നു.
ബെംഗളൂരുവിൽ നിന്നെത്തിയ തസ്ലീമ എറണാകുളത്ത് തങ്ങിയത് മൂന്നു ദിവസമാണ്. ഈ ദിവസങ്ങളിൽ ഹൈബ്രിഡ് കഞ്ചാവ് വില്പനയും പെൺവാണിഭവും നടത്തിയെന്നാണ് പറയപ്പെടുന്നത്. ഈ മൂന്നു ദിവസത്തിനിടയിൽ 7 ലക്ഷത്തോളം രൂപയാണ് തസ്ലീമയുടെ അക്കൗണ്ടിലേക്ക് എത്തിയത്.