തിരുവനന്തപുരം: വീണാ വിജയനെതിരായ മാസപ്പടി കേസില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. താനതിനെ ഗൗരവമായി കാണുന്നില്ലെന്നും കേസ് കോടതിയില്‍ നടക്കട്ടെയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു
“നിങ്ങള്‍ വല്ലാതെ ബേജാറാകേണ്ട. ആരോപണം ശുദ്ധ അസംബന്ധമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്റെ രാജി വരുമോ എന്ന് മോഹിച്ച് നിന്നോളൂ. നിങ്ങള്‍ക്ക് വേണ്ടത് എൻ്റെ രക്തം.” – മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ നീക്കമാണോ ഇതെന്ന ചോദ്യത്തിന് അദ്ദേഹത്തിൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
മകള്‍ വാങ്ങിയത് സേവനത്തിനുള്ള പ്രതിഫലമാണെന്നും തന്റെ മകളായതിനാലാണ് വേട്ടയാടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മകള്‍ നടത്തിയ സ്ഥാപനം നല്‍കിയ സേവനത്തിനുള്ള പണമാണ് ലഭിച്ചത്. കള്ളപ്പണമല്ല. നികുതിയും കണക്കുകളും രേഖാമൂലം നല്‍കിയതാണ്. അത് മറച്ചു വച്ചല്ലേ നിങ്ങള്‍ പ്രചരണം നടത്തുന്നത്. അവിടെയാണ് ഇന്നയാളുടെ മകൾ എന്ന പേരിൽ പറയുന്നത് -മുഖ്യമന്ത്രി പറഞ്ഞു.