കൊച്ചി: സംസ്ഥാനത്ത് മിന്നൽ ഹർത്താൽ ആഹ്വാനം ചെയ്ത് നാശനഷ്ടങ്ങൾ വരുത്തിവെച്ചതിന് പോപ്പുലർ ഫ്രണ്ടിൻ്റെ സ്വത്തു വകകൾ വിൽപന നടത്തി നഷ്ടം ഈടാക്കണമെന്ന് ഹൈക്കോടതി. 3,94,97,000 രൂപ ഈടാക്കാനാണ് ഉത്തരവ്. പോപ്പുലർ ഫ്രണ്ടിൻ്റെ ദേശീയ, സംസ്ഥാന, പ്രാദേശിക ഭാരവാഹികളുടെ സ്വത്ത് വകകൾ വിറ്റ് തുക ഈടാക്കാമെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു. ക്ലെയിംസ് കമ്മീഷണർ നിശ്ചയിക്കുന്ന തുക നഷ്ടം സംഭവിച്ചവർക്ക് നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിലുണ്ടായ ആക്രമണത്തിൽ കെഎസ്ആർടിസിക്ക് മാത്രം 2.40 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് റിപ്പോർട്ട്. സർവ്വീസ് മുടങ്ങിയത് മൂലമുള്ള നഷ്ടം പരിഹരിക്കാനാണ് ഈ തുക. ഈ തുക പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്ന് ഈടാക്കണം. ക്ലെയിം കമ്മീഷണർ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. 2022 സെപ്റ്റംബർ 23 ന് പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിൻ്റെ പേരിലാണ് നടപടി.