തിരുവനന്തപുരം: ഉത്തരപേപ്പർ കളഞ്ഞുപോയ സംഭവത്തിൽ കേരള സർവ്വകലാശാലയെ രൂക്ഷമായി വിമർശിച്ച് ലോകായുക്ത. സർവ്വകലാശാലയുടെ വീഴ്ചയ്ക്ക് വിദ്യാർത്ഥിയെ ബുദ്ധിമുട്ടിക്കുന്നത് സ്വാഭാവിക നീതിയല്ലെന്നും വീണ്ടും പരീക്ഷ നടത്തുന്നത് യുക്തിപരമല്ലെന്നും ലോകായുക്ത വ്യക്തമാക്കി.
ഉത്തരപേപ്പർ കളഞ്ഞുപോയ സാഹചര്യത്തിൽ കേരള സർവ്വകലാശാല കഴിഞ്ഞ ദിവസം പുനഃപരീക്ഷ നടത്തിയിരുന്നു. പരീക്ഷ എഴുതാതിരുന്ന അഞ്ജന പ്രദീപ് എന്ന വിദ്യാർത്ഥിനിയാണ് ലോകായുക്തയെ സമീപിച്ചത്. അക്കാദമിക് യോഗ്യത പരിശോധിച്ച് വിദ്യാർത്ഥിനിക്ക് ശരാശരി മാർക്ക് നൽകി വിജയിപ്പിക്കാൻ സർവ്വകലാശാലയ്ക്ക് ലോകായുക്ത നിർദ്ദേശം നൽകി. വിദ്യാർത്ഥിനിക്ക് മാത്രമായി പുനഃപരീക്ഷ നടത്താമെന്ന് സർവ്വകലാശാല അറിയിച്ചെങ്കിലും ഇത് അപ്രായോഗികമാണെന്ന് ലോകായുക്ത ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചു.
ഇക്കഴിഞ്ഞ ജനുവരിയിലാണ് പാലക്കാട്ടേക്ക് ബൈക്കിൽ സഞ്ചരിക്കവെ പ്രൊജക്ട് ഫിനാൻസ് എന്ന വിഷയത്തിന്റെ 71 ഉത്തരക്കടലാസുകൾ അദ്ധ്യാപകൻ്റെ പക്കൽ നിന്ന് നഷ്ടപ്പെട്ടതെന്ന് പറയുന്നു. അഞ്ച് കോളേജുകളിലെ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടവയിലുണ്ടായിരുന്നത്. വിവരം പുറത്തുവിടാതെ വീണ്ടും പരീക്ഷ നടത്താനായിരുന്നു സർവ്വകലാശാലയുടെ തീരുമാനം. ഇതിനുള്ള അറിയിപ്പ് വിദ്യാർത്ഥികൾക്ക് ഇ-മെയിലായി ലഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകേണ്ട കോഴ്‌സിന്റെ ഫലപ്രഖ്യാപനം രണ്ടരവർഷമായിട്ടും നടത്തിയിരുന്നില്ല. പരീക്ഷാഫലം വൈകുന്നതിന്റെ കാരണവും സർവ്വകലാശാല വിശദീകരിച്ചിരുന്നില്ല. എന്നാൽ, ഉത്തരക്കടലാസ് നഷ്ടപ്പെട്ട വിവരം അദ്ധ്യാപകൻ സർവ്വകലാശാല അധികൃതരേയും പോലീസിനേയും അറിയിച്ചിരുന്നു. സിൻഡിക്കേറ്റിലും റിപ്പോർട്ട്ചെയ്തിരുന്നു. സിൻഡിക്കേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്താൻ നിശ്ചയിച്ചത്.