ന്യൂഡൽഹി : മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ റാണയെ ചോദ്യം ചെയ്യുന്നതിൽ ദേശീയ അന്വേഷണ ഏജൻസി എൻഐഎ) ഇപ്പോൾ അന്വേഷിക്കുന്നത് അയാൾ ആക്രമണം ആസൂത്രിതം ചെയ്യുന്നതിന് മുൻപെ കേരളത്തിൽ എത്തിയത് എന്തിനായിരുന്നു എന്നാണ്. 2008 നവംബർ 16ന് റാണ കൊച്ചിയിൽ ഉണ്ടായിരുന്നതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിനു മുൻപെ ലഭിച്ചിരുന്നു. ആഡംബര ഹോട്ടലിൽ താമസിച്ച റാണ, നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ സന്ദർശനം നടത്തിയതായും വിവരമുണ്ടായിരുന്നു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളാണ് അന്വേഷണ സംഘം ചോദിച്ചറിയുന്നത്. കൊച്ചി സന്ദർശനത്തിന്റെ ദുരൂഹത ഇതിലൂടെ മറനീക്കി പുറത്തു കൊണ്ടുവരാനാകുമെന്നാണ് സംഘം കരുതുന്നത്.
തഹാവൂർ റാണയ്ക്ക് കൊച്ചിയിലടക്കം സഹായം നല്കിയവർ ആരൊക്കെ എന്ന അന്വേഷണത്തിലേക്കാണ് എൻഐഎ നീങ്ങുന്നത്. ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് കൊച്ചിയിൽ എത്തിയതെന്ന് റാണ പറഞ്ഞതായി സൂചനയുണ്ട്. ഇതിനിടെ, റാണയെയും ഹെഡ്ലിലേയും ഇന്ത്യയിൽ സഹായിച്ച ഒരാൾ എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റാണയുടെ നിർദ്ദേശപ്രകാരമാണ് ഹെഡ്ലിയെ ഇന്ത്യയിൽ സ്വീകരിച്ചതെന്ന് ഇയാള്‍ മൊഴി നൽകിയതായാണ് വിവരം. റാണയുടെ കൂടെ ഇരുത്തി ചോദ്യം ചെയ്യാനായി ഇയാളെ ഡൽഹിയിലെത്തിച്ചു.
ഇന്നലെ മൂന്നുമണിക്കൂർ മാത്രമാണ് റാണയെ ചോദ്യം ചെയ്തതെന്നാണ് ദേശീയ മാധ്യമങ്ങൾ നൽകുന്ന വിവരം. ചോദ്യം ചെയ്യലിൽ പല കാര്യങ്ങളോടും വ്യക്തമായ പ്രതികരണം റാണ നൽകുന്നില്ല. ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന രീതിയാണ് റാണ സ്വീകരിക്കുന്നത് എന്നാണ് പറയുന്നത്. 2005 മുതൽ മുംബൈയിൽ ഭീകരാക്രമണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ റാണയടക്കം പ്രതികൾ തുടങ്ങിയെന്നാണ് എൻഐഎ നൽകുന്ന വിവരം.
12 അംഗ എൻഐഎ സംഘമാണ് തഹാവൂർ റാണയെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യൽ അന്വേഷണ ഉദ്യോഗസ്ഥർ ക്യാമറയിൽ റെക്കോർഡ് ചെയ്യുന്നുണ്ട്. എൻഐഎയ്ക്ക് പുറമേ മറ്റു കേന്ദ്ര അന്വേഷണ ഏജൻസികളും റാണയെ ചോദ്യം ചെയ്യാനായി അനുമതി തേടിയിട്ടുണ്ടെന്നാണ് വിവരം