കൊച്ചി : കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ന് മുനമ്പം സമരപ്പന്തൽ സന്ദർശിക്കും. എന്‍ഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദന് സഭ എന്ന പരിപാടിയിൽ പങ്കെടുക്കാൻ സംസ്ഥാനത്തെത്തുന്ന കേന്ദ്രമന്ത്രി, വഖഫ് നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതിന് ശേഷമാണ് മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. മുനമ്പം വിഷയത്തില്‍ ബിജെപി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നുവെന്ന ആരോപണം കോണ്‍ഗ്രസും സിപിഐഎമ്മും ശക്തമായി ഉന്നയിക്കുന്നതിനിടയിലാണ് സന്ദര്‍ശനം.
ഈ മാസം ഒന്‍പതിന് മുനമ്പത്ത് എത്തും എന്ന് അറിയിച്ചിരുന്നെങ്കിലും നേരത്തെ നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ ഇന്നത്തേക്ക് സന്ദര്‍ശനം മാറ്റുകയായിരന്നു. മന്ത്രിക്കൊപ്പം ബിജെപി കേന്ദ്ര-സംസ്ഥാന നേതാക്കളും ഉണ്ടാകും. 11.20 ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്ന മന്ത്രി വരാപ്പുഴ അതിരൂപത ആസ്ഥാനത്തെത്തി മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിലുമായി കൂടിക്കാഴ്ച നടത്തും. എറണാകുളം താജ് വിവാന്തയിലെ വാര്‍ത്ത സമ്മേളനത്തിനുശേഷം അഞ്ചുമണിയോടുകൂടിയായിരിക്കും മുനമ്പം സമരപ്പന്തലില്‍ മന്ത്രിയുടെ സന്ദർശനം. നിയമഭേദഗതിക്ക് പിന്നാലെ മുനമ്പം നിവാസികളായ 50 ഓളം പേര് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ സാന്നിദ്ധ്യത്തിൽ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
അതേസമയം, വഖഫ് നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചു. നിയമം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് കക്ഷിചേരാന്‍ സംസ്ഥാനങ്ങള്‍ അപേക്ഷ നല്കി. മറ്റന്നാള്‍ വഖഫ് നിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് നീക്കം. അസം, മഹാരാഷ്ട്ര, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളാണ് രംഗത്തെത്തിയത്. പാര്‍ലമെന്റ് പാസ്സാക്കിയ നിയമം ഭരണഘടന വിരുദ്ധമല്ലെന്നും ആരുടെയും മൗലികാവകാശങ്ങള്‍ റദ്ദാക്കുന്നതല്ലെന്നുമാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മുന്നോട്ടു വെക്കുന്ന വാദം.