കണ്ണൂർ : സിപിഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ രാവിലെ ചേർന്ന നേതൃ യോഗത്തിലായിരുന്നു തീരുമാനം. സിപിഐഎമ്മിന്റെ മുതിർന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ എം. പ്രകാശന്റെ പേരടക്കം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്ന് വന്നെങ്കിലും കെ കെ രാഗേഷിലാണ് അവസാന തീരുമാനമെത്തിയത്.
എസ്എഫ്ഐയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും അഖിലേന്ത്യാ കിസാൻ സഭ ജോയിന്റ് സെക്രട്ടറിയുമാണ് കെ കെ രാഗേഷ്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും യോഗം തിരഞ്ഞെടുത്തു. കെ കെ രാകേഷ്, എം സുരേന്ദ്രൻ, കാരായി രാജൻ, ടി കെ ഗോവിന്ദൻ മാസ്റ്റർ, പി വി ഗോപിനാഥ്, പി ഹരീന്ദ്രൻ, പി പുരുഷോത്തമൻ, ടി ഐ മധുസൂദനൻ, എൻ സുകന്യ, കെ വി സുമേഷ്, സി സത്യപാലൻ, എം കരുണാകരൻ എന്നിവരാണ് സെക്രട്ടറിയറ്റ് അംഗങ്ങൾ.