കോട്ടയം: ഏറ്റുമാനൂരിൽ ജീവനൊടുക്കിയ അഭിഭാഷക ജിസ്മോൾ, മക്കളായ നേഹ, നോറ എന്നിവരുടെ സംസ്കാരം ഇന്ന്. ജിസ്മോളുടെ സ്വദേശമായ പാലാ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലിൽ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ വൈകിട്ട് ആണ് സംസ്കാരം. രാവിലെ 9 മുതൽ ജിസ്മോളുടേയും മക്കളുടേയും മൃതദേഹങ്ങൾ ഭർത്താവ് ജിമ്മിയുടെ ഇടവകയായ നീറിക്കാട് ലൂർദ് മാതാ പള്ളി ഹാളിൽ പൊതുദർശനത്തിന് വെച്ചിരുന്നു. നാടിന്റെ നൊമ്പരമായവരെ ഒരുനോക്ക് കാണാൻ പ്രിയപ്പെട്ടവർ ഒഴുകിയെത്തി. പിഞ്ചുകുഞ്ഞുങ്ങളുടെ മുഖങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവരുടെ കണ്ണുകൾ ഈറനണിയിച്ചു. മൃതദേഹങ്ങൾ പാലാ മുത്തോലിയിലെ ജിസ്മോളുടെ വീട്ടിലേക്ക് എത്തിച്ച ശേഷവും അന്ത്യാഞ്ജലി അർപ്പിക്കാൻ ആളുകൾ ഒഴുകിയെത്തി.
ഭർതൃ വീട്ടിലെ മാനസിക ശാരീരിക പീഡനത്തെ തുടർന്നാണ് ജിസ്മോൾ ജീവനൊടുക്കിയതെന്നാണ് യുവതിയുടെ കുടുംബത്തിന് ആരോപണം. ഭർത്താവ് ജിമ്മിയും, അമ്മയും സഹോദരിയും ജിസ്മോളെ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് യുവതിയുടെ കുടുംബം പറയുന്നത്. യുവതിയെ ഭർതൃവീട്ടിൽ തടഞ്ഞുവച്ചിരുന്നതായും ആരോപണമുണ്ട്.
മകളെ ജിമ്മി നേരത്തെ ഉപദ്രവിച്ചിട്ടുള്ളതായി ജിസ്മോളുടെ അച്ഛൻ ആരോപിച്ചു. ജിസ്മോൾക്ക് ഭർതൃവീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതുസംബന്ധിച്ച് വീട്ടിൽ സംസാരിച്ചിട്ടുണ്ട്. നീതിക്കായി നിയമപരമായി പോരാടുമെന്നും ജിസ്മോളുടെ കുടുംബം അറിയിച്ചു. ഏറ്റുമാനൂരിൽ ഹൈക്കോടതി അഭിഭാഷകയായ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോൾ തോമസ് ( 32 ) മക്കൾ നേഹ മാരിയ ( 4 ), നോറ ജിസ് ജിമ്മി ( 1 ) എന്നിവർ കഴിഞ്ഞ 15നാണ് പുഴയിൽ ചാടി ജീവനൊടുക്കിയത്. മുൻ പഞ്ചായത്ത് അംഗമായിരുന്നു ജിസ്മോൾ.