കൊച്ചി : പഹല്‍ഗാം ഭീകരാക്രമണത്തില്‍ വെടിയേറ്റ് മരിച്ച ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രന്റെ സംസ്‌കാരം നാളെ നടക്കും. എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ ഒന്‍പത് മണി വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.
ബുധനാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കേന്ദ്ര സഹ മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരടക്കമുള്ള നേതാക്കളും പൊതുപ്രവര്‍ത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു.
കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ രാമചന്ദ്രനെ മകളുടെ മുന്നില്‍ വെച്ചാണ് സൈനിവേഷത്തിലെത്തിയ ഭീകരര്‍ വെടിയുതിര്‍ത്തത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ ഹൈദരാബാദില്‍ നിന്ന് കശ്മീരിലേക്ക് പോയത്. ചൊവ്വാഴ്ച രാവിലെയാണ് ഇവര്‍ പഹല്‍ഗാമിലെത്തിയത്. ദുബൈയില്‍ ജോലി ചെയ്യുന്ന മകള്‍ കുട്ടികളുമായി നാട്ടിലെത്തിയപ്പോൾ പ്ലാൻ ചെയ്ത വെക്കേഷൻ ട്രിപ്പാണ് ഒടുവിൽ ഭീകരവാദികളുടെ രൂപത്തിൽ കുടുംബത്തെ വേദനയുടെ കയത്തിലേക്ക് തള്ളിവിട്ടത്