ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനെതിരെ നയതന്ത്ര തലത്തില്‍ കടുത്ത നടപടികളിലേക്ക് നീങ്ങിയ ഇന്ത്യയുടെ തീരുമാനത്തെ ജലയുദ്ധമെന്ന് വിശേഷിപ്പിച്ച് പാക്കിസ്ഥാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി സിന്ധു നദീജല കരാര്‍ മരവിപ്പിക്കാന്‍ എടുത്ത തീരുമാനമാണ് ‘ഇന്ത്യയുടേത് ജലയുദ്ധമെന്ന് ‘പാക്കിസ്ഥാൻ വിശേഷിപ്പിക്കാൻ കാരണമായത്.
പാക്കിസ്ഥാനിലെ കാര്‍ഷിക മേഖലയെ സാരമായി ബാധിക്കുന്ന തീരുമാനമാണിത്. ഉറിയിലും പുല്‍വാമയിലും ഭീകരാക്രമണം നടന്നപ്പോള്‍ പോലും ഇന്ത്യ നദീജലക്കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനമെടുത്തിരുന്നില്ല. പരോക്ഷമായ ഉപരോധമാണ് പാക്കിസ്ഥാന് മേല്‍ ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാക്കിസ്ഥാനുമായുള്ള വ്യാപാരം നിർത്തിവെയ്ക്കുന്നതും വാഗ അതിര്‍ത്തി അടയ്ക്കുന്നതുമെല്ലാം ഇന്ത്യ കൈകൊണ്ട മറ്റ് തീരുമാനങ്ങളാണ്.
തുടർന്ന് വന്നേക്കാവുന്ന ഇന്ത്യൻ നടപടികളിലും പാക്കിസ്ഥാന് ആശങ്കയേറെയാണെന്നതിന് തെളിവേകുന്നതാണ് പാക് വ്യോമാതിര്‍ത്തി അടയ്ക്കുന്നതിനും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നതിനും പാക്കിസ്ഥാന്‍ ഭരണകൂടം എടുത്ത തീരുമാനം. ദേശീയ സുരക്ഷ സമിതി യോഗം ചേര്‍ന്നാണ് പാക്കിസ്ഥാൻ തീരുമാനമെടുത്തത്. 2019 ല്‍ പുല്‍വാമ ആക്രമണത്തിന് ശേഷവും പാക്കിസ്ഥാന്‍ സമാന നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള സൈനികനടപടി ഭയന്നാണ് പാക്കിസ്ഥാന്റെ നീക്കം. പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനില്‍ ബോംബിട്ടിരുന്നു. നയതന്ത്ര തലത്തില്‍ കടുത്ത നടപടികളിലേക്ക് നീങ്ങിയ ഇന്ത്യയിൽ നിന്നും മറ്റാക്രമണങ്ങളും ഏത് നിമിഷവും പാക്കിസ്ഥാൻ പ്രതീക്ഷിക്കുന്നുണ്ടെന്ന് സാരം.