ബംഗളൂരു :ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കൃഷ്ണസ്വാമി കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെ 10.45 ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. ഐഎസ്ഐഒയുടെ അഞ്ചാമത്തെ ചെയർമാനായ കസ്തൂരിരംഗൻ 1994 മുതൽ 2003 വരെ പദവിയിൽ തുടർന്നു.
രാജ്യസഭാംഗം, ആസൂത്രണ കമ്മീഷൻ അംഗം, ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. രാജ്യം പത്മശ്രീ, പത്മഭൂഷണൻ, പത്മവിഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്.
ഐഎസ്ആർഒയെ സാങ്കേതിക മികവിന്റെ കേന്ദ്രമാക്കി വളർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് ഡോ. കെ കസ്തൂരിരംഗൻ. ഇൻസാറ്റ് -2, ഇന്ത്യൻ റിമോട്ട് സെൻസിങ് ഉപഗ്രഹങ്ങളായ ഐ ആർ എസ് – 1 എ, 1 ബി എന്നീ ഉപഗ്രഹങ്ങളുടെ വികസനത്തിന് മേൽനോട്ടം വഹിച്ചു. ഭാസ്‌കര-1, ഭാസ്‌കര -2 എന്നീ ഭൗമനീരീക്ഷണ ഉപഗ്രഹങ്ങളുടെ പ്രോജക്ട് ഡയറക്ടറുമായിരുന്നു. പി എസ് എൽ വി, ജി എസ് എൽ വി എന്നിങ്ങനെയുള്ള ലോഞ്ച് വെഹിക്കിളുകളുടെ വിജയകരമായ വിക്ഷപണങ്ങളും ചന്ദ്രയാൻ 1- പദ്ധതിയുടെ അടിത്തറ പാകിയതും കസ്തൂരിരംഗന്റെ കാലത്താണ്.
2017-2020 കാലഘട്ടത്തിൽ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാനായി. മാധവ് ഗാഡ്ഗിലിന്റെ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ എതിർപ്പുയർന്നപ്പോൾ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച പുന:പ്പരിശോധന കമ്മിഷന്റെ തലപ്പത്തും കസ്തൂരി രംഗനെത്തി.
1940-ൽ സി എം കൃഷ്ണസ്വാമി അയ്യരുടേയും വിശാലാക്ഷിയുടേയും മകനായി എറണാകുളത്ത് ജനിച്ച കസ്തൂരിരംഗന്റെ പ്രാഥമികവിദ്യാഭ്യാസം എറണാകുളം ശ്രീരാമവർമ്മ ഹൈസ്‌കൂളിലായിരുന്നു. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലാബോറട്ടറിയിൽ ജോലി ചെയ്തുകൊണ്ട് എക്‌സിപിരിമെന്റൽ ജ്യോതിശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയശേഷമാണ് ഐ എസ് ആർ ഒ-യിൽ ചേരുന്നത്. 2003 മുതൽ 2009 വരെ രാജ്യസഭാംഗമായിരുന്നു.