വഖഫ് ഭേദഗതി ബോര്‍ഡിന്റെ പ്രവർത്തനങ്ങളിലെ നിയന്ത്രണത്തിന് മാത്രം;മതപരമായ അവകാശങ്ങളെ ബാധിക്കില്ല: പുതിയ വാദവുമായി കേന്ദ്രം സുപ്രീം കോടതിയില്‍

Date:

ന്യൂഡല്‍ഹി : 2025 – ലെ വഖഫ് ഭേദഗതി വഖഫ് ബോര്‍ഡിന്റെ പ്രവർത്തനങ്ങളിലെ നിയന്ത്രണത്തിന് മാത്രമാണെന്നും മതപരമായ അവകാശങ്ങളെ അത് ബാധിക്കില്ലെന്നുമുള്ള വാദവുമായി കേന്ദ്ര സര്‍ക്കാർ സുപ്രീം കോടതിയിൽ. മൗലികാവകാശങ്ങളുടെ ലംഘനമാണ് വഖഫ് ഭേദഗതി നിയമമെന്ന വാദങ്ങള്‍ നിരാകരിച്ചുകൊണ്ട് വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിച്ചത്.

സ്വത്തുനടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് മാത്രമുള്ളതാണ് ഭേദഗതികളെന്നും അതിനാല്‍ ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങള്‍ പ്രകാരം ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമില്ലെന്നും കേന്ദ്രം വിശദീകരിക്കുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യങ്ങളെ ലംഘിക്കുന്ന ഒന്നല്ല വഖഫ് ഭേദഗതി നിയമം. നടപടിക്രമ പരിഷ്‌ക്കാരങ്ങള്‍, ഭരണപരമായ ഘടന, മാനേജ്‌മെന്റ് തുടങ്ങിയ കാര്യങ്ങളിലാണ് ഈ നിയമം ബാധകമാകുന്നതെന്നും കേന്ദ്രം പറയുന്നു. വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ഉണ്ടായ വാദങ്ങളിലും കേന്ദ്രം മറുപടി നല്‍കി.

“ഉപയോഗത്തിലൂടെ വഖഫായ (waqf-by-user) എന്നത് ഭേദഗതിയില്‍ ഒഴിവാക്കുന്നത് രജിസ്റ്റർ ചെയ്തിട്ടുള്ള നിലവിലുള്ള വഖഫ് ഭൂമികളെ ബാധിക്കില്ല. പ്രത്യേക ആധാരങ്ങള്‍ ഇല്ലാത്ത, നൂറ്റാണ്ടുകള്‍ പഴക്കമുള്ള വഖഫ് ഭൂമികളെ ഈ ഒഴിവാക്കല്‍ ബാധിക്കുമെന്നത് തെറ്റായ പ്രചാരണമാണ്. നിലവില്‍ ഉപയോഗത്തിലൂടെയുള്ള വഖഫ്’ ഭൂമികള്‍ക്ക് അംഗീകാരം ലഭിക്കാന്‍ ഒരു രേഖയും ഹാജരാക്കേണ്ട ആവശ്യമില്ല. അവ രജിസ്റ്റര്‍ ചെയ്തിരിക്കണം എന്നതാണ് ഏക വ്യവസ്ഥ. എന്നാല്‍, വഖഫ് ഭൂമികളുടെ രജിസ്‌ട്രേഷന്‍ ഒരു പുതിയ വ്യവസ്ഥയല്ല. 1923-ലെ മുസല്‍മാന്‍ വഖഫ് നിയമം പ്രാബല്യത്തില്‍ വന്നതു മുതല്‍ നൂറു വര്‍ഷങ്ങളായി ഈ വ്യവസ്ഥ നിലവിലുണ്ടായിരുന്നു. 1954-ലെയും 1995-ലെയും വഖഫ് നിയമങ്ങളിലും സമാനമായ വ്യവസ്ഥ ഉണ്ടായിരുന്നു.” കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.

സെന്‍ട്രല്‍ വഖഫ് കൗണ്‍സിലിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും മുസ്ലീങ്ങളല്ലാത്തവരെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചും കേന്ദ്ര സര്‍ക്കാര്‍ വാദം നിരത്തി. കേന്ദ്ര വഖഫ് കൗണ്‍സിലിന് പൊതുവായ ഉപദേശക റോള്‍ മാത്രമേയുള്ളൂ. അത് ഏതെങ്കിലും പ്രത്യേക ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നില്ല. സംസ്ഥാന ബോര്‍ഡാണ് മതേതര സ്വഭാവമുള്ള നിയന്ത്രണാധികാരങ്ങള്‍ പ്രയോഗിക്കുന്നത്. വഖഫ് ബോര്‍ഡ് ഒരു മതേതര സ്ഥാപനമാണെന്നും മുസ്ലിങ്ങളുടെ പ്രതിനിധി സഭയല്ലെന്നും നിലപാടെടുക്കുന്ന കോടതിവിധികളും നിലവിലുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

മാറ്റങ്ങള്‍ മുസ്ലിങ്ങളുടെ മതപരമായ അവകാശങ്ങളെ ഒരു തരത്തിലും ബാധിക്കുന്നില്ല. ഒരു മതത്തിന്റെ തത്വങ്ങള്‍ക്കനുസരിച്ച് സ്വത്ത് ഭരിക്കാനുള്ള അവകാശം അനുച്ഛേദം 26 നല്‍കുന്നില്ല. മാറ്റങ്ങള്‍ ഈ സമിതികളില്‍ മുസ്ലിങ്ങളെ ന്യൂനപക്ഷമാക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. എക്സ്-ഒഫീഷ്യോ അംഗങ്ങളും അമുസ്ലിങ്ങളാണെന്ന് അനുമാനിച്ചാല്‍ പോലും, കേന്ദ്ര കൗണ്‍സിലില്‍ സാദ്ധ്യമായ അമുസ്ലിങ്ങളുടെ എണ്ണം പരമാവധി നാലും (22 അംഗങ്ങളില്‍) സംസ്ഥാന ബോര്‍ഡുകളില്‍ മൂന്നും(11 അംഗങ്ങളില്‍) ആണെന്നും കേന്ദ്രം വ്യക്തമാക്കി.

Share post:

Popular

More like this
Related

സംവിധായകൻ സാജിദ് ഖാനെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടി നവീന ബോലെ

സംവിധായകനും നടനും ടെലിവിഷന്‍ അവതാരകനുമായ സാജിദ് ഖാനെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി...

ഹോട്ടലുകൾക്ക് പുറമെ തിരുവനന്തപുരം വിമാനത്താവളത്തിനും ബോംബ് ഭീഷണി; വ്യാപക പരിശോധനയുമായി  ബോംബ് സ്ക്വാഡ്

തിരുവനന്തപുരം : തിരുവനന്തപുരംഅന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. വലിയതുറ പോലീസും ബോംബ്...

അപകടത്തിൽപ്പെട്ട കാറില്‍  ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി; മനഃപൂര്‍വ്വം സൃഷ്ടിച്ച അപകടമാണോയെന്ന് സംശയം

ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ അപകടത്തിൽപ്പെട്ട കാറിൽ പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ്...

മുന്നറിയിപ്പില്ലാതെ ഉറി അണക്കെട്ട് ഇന്ത്യ തുറന്നുവിട്ടെന്ന് പാക്കിസ്ഥാൻ; പാക് അധീന കശ്മീരിൽ വെള്ളപ്പൊക്കം

ഉറി അണക്കെട്ടിൽ നിന്ന് മുന്നറിയിപ്പില്ലാതെഇന്ത്യ വെള്ളം തുറന്നുവിട്ടതായി പാക്കിസ്ഥാൻ. അണക്കെട്ട്...