[ Photo Courtesy : Instagram ]
സംവിധായകനും നടനും ടെലിവിഷന്‍ അവതാരകനുമായ സാജിദ് ഖാനെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടിയും മോഡലുമായ നവീന ബോലെ. വീട്ടിലേക്ക് വിളിച്ചുവരുത്തി സാജിദ് ഖാന്‍ ലൈംഗികതാത്പര്യത്തോടെ പെരുമാറിയെന്നാണ് നവീന ബോലെ ആരോപിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.
2007-ല്‍ പുറത്തിറങ്ങിയ ‘ഹേ ബേബി’ എന്ന ബോളിവുഡ് ചിത്രത്തിന്റെ കാസ്റ്റിങ്ങിനിടെയാണ് സംവിധായകന്‍ മോശമായി പെരുമാറിയതെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. “അദ്ദേഹം എന്നെ വിളിച്ചതിന്റെ ആവേശത്തിലായിരുന്നു ഞാന്‍. എന്റെ മേല്‍വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ലോണ്‍ഷറേ മാത്രം ധരിച്ചിരിക്കാന്‍ ആവശ്യപ്പെട്ടു.” – നവീന ബോലെ വെളിപ്പെടുത്തുന്നു
പിന്നീട് ഒരു വര്‍ഷത്തിന് ശേഷം വീണ്ടും കണ്ടപ്പോഴും സാജിദ് ഖാന്റെ ഭാഗത്തു നിന്ന് മോശം അനുഭവമുണ്ടായിയെന്ന് നടി ആവർത്തിച്ചു. മിസിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുമ്പോൾ സാജിദ് ഖാന്‍ തന്നെ വിളിപ്പിച്ചു. ഒരു വേഷത്തിനായി വന്ന് കാണാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് നവീന ബോലെ പറയുന്നത്. ഒരുപാട് സ്ത്രീകളോട് മോശമായി പെരുമാറുന്നതുകൊണ്ട് തന്നെ ഒരു വര്‍ഷം മുമ്പ് വിളിച്ചുവരുത്തിയത് ഓര്‍മ്മയുണ്ടാവില്ലെന്നായിരുന്നു തന്റെ മറുപടിയെന്നും നടി വ്യക്തമാക്കി.
മുൻപും സാജിദ് ഖാനെതിരെ ലൈംഗിക ആരോപണമുയർന്നിരുന്നു. ഇന്ത്യയിലെ മീറ്റൂ മൂവ്‌മെൻ്റ് വേളയിൽ നിരവധി അഭിനേതാക്കളും മാധ്യമപ്രവർത്തകരും മോഡലുകളുമാണ് സാജിദ് ഖാനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്.