തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖം പുതിയ യുഗത്തിൻ്റെ പ്രാരംഭം കുറിക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിൻ്റെ ദീർഘ വീക്ഷണത്തിൻ്റെയും ഇച്ഛാശക്തിയുടേയും നിശ്ചയദാർഢ്യത്തിൻ്റെയും പ്രതീകമാണ് വിഴിഞ്ഞം പദ്ധതി. കമ്മിഷനിങ്ങിന് മുന്നോടിയായി വിഴിഞ്ഞം തുറമുഖം സന്ദർശിച്ച് നിർമ്മാണ പുരോഗതിയും തയ്യാറെടുപ്പുകളും നേരിട്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്ത് ഒരു സംസ്ഥാന സർക്കാരിന് ഏറ്റവും കൂടുതൽ നിക്ഷേപമുള്ള തുറമുഖമാണ് വിഴിഞ്ഞം. ട്രയൽ റൺ കാലത്ത് തന്നെ 272 കപ്പലുകൾ എത്തി. 5.5 ലക്ഷം കണ്ടെയ്നർ 3 മാസക്കാലത്ത് കൈകാര്യം ചെയ്തുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലോകത്തിൻ്റെ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ജേഡ് സർവ്വീസിൽ വിഴിഞ്ഞം ഉൾപ്പെട്ടു. ട്രയൽ റൺ കാലത്ത് തന്നെ ഈ നേട്ടം കൈവരിക്കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിയിൽ 60 ശതമാനം നിക്ഷേപം നടത്തുന്ന സർക്കാരിന് അധികാരമോ ലാഭവിഹിതമോ ഇല്ലാത്ത കരാറാണ് നേരത്തെ ഉണ്ടാക്കിയത്. എന്നാൽ എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയ സപ്ലിമെൻ്ററി കൺസഷൻ കരാറിന്റെ പ്രസക്തിയും മുഖ്യമന്ത്രി പറഞ്ഞു. ഈ കരാർ പ്രകാരം 2034 മുതൽ സർക്കാരിന് വരുമാനം ലഭിച്ചു തുടങ്ങും. മുൻകരാറിൽ 15 കൊല്ലം കഴിഞ്ഞാണ് വരുമാനം ലഭിക്കാൻ വ്യവസ്ഥ ഉണ്ടായിരുന്നത്.
2045ൽ തീർക്കാൻ നിശ്ചയിച്ച തുറമുഖം 2028ൽ തന്നെ പൂർത്തിയാക്കാൻ സപ്ലിമെൻ്ററി കരാറിലൂടെ കഴിഞ്ഞു. തുറമുഖം പൂർണ്ണതോതിൽ എത്തുന്നതോടെ സംസ്ഥാനത്ത് വ്യവസായ വാണിജ്യ വളർച്ച ഉണ്ടാകും. സാമ്പത്തിക വളർച്ചക്ക് ഇത് സഹായമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിൽ ഇപ്പോൾ 758 പേർക്ക് തൊഴിൽ ലഭിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.