[ Photo Courtesy: X]
വാഷിംങ്ടൺ : പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഉടലെടുത്ത ഇന്ത്യ- പാക് സംഘർഷം ലഘൂകരിക്കാൻ ഇടപെട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ബുധനാഴ്ച വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും സംസാരിച്ച് ഇരു രാജ്യങ്ങളിലെയും നേതാക്കൾ സംഘർഷം കുറയ്ക്കാൻ പ്രവർത്തിക്കണമെന്ന് റൂബിയോ ആവശ്യപ്പെട്ടു.
പഹൽഗാം ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ റൂബിയോ അഗാധമായ ദുഃഖം പ്രകടിപ്പിക്കുകയും ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും അനുശോചനം അറിയിക്കുകയും ചെയ്തുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് വ്യക്തമാക്കി. ഭീകരതയ്‌ക്കെതിരായ ആഗോള പോരാട്ടത്തിൽ ഇന്ത്യയുമായി പ്രവർത്തിക്കാനുള്ള യുഎസിന്റെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.
കൂടാതെ, പ്രാദേശിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനും ദക്ഷിണേഷ്യയിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സംഭാഷണങ്ങളിൽ ഏർപ്പെടാൻ ഇന്ത്യയെയും പാക്കിസ്ഥാനെയും റൂബിയോ പ്രോത്സാഹിപ്പിച്ചതായി ബ്രൂസ് പ്രസ്താവനയിൽ പറഞ്ഞു.
ആണവായുധങ്ങളുള്ള രണ്ട് അയൽക്കാർക്കിടയിൽ സംഘർഷം രൂക്ഷമാകാനുള്ള സാദ്ധ്യത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ റൂബിയോയുടെ ഇടപെടൽ സമയോചിതമാകുന്നു. ഇന്ത്യ പ്രകോപനപരമായി പെരുമാറുന്നുവെന്ന് റൂബിയോടുളള സംഭാഷണമദ്ധ്യേ ഷെരീഫ് ആരോപിച്ചു. “ഭീകരതയെ, പ്രത്യേകിച്ച് ഭീകര ഗ്രൂപ്പുകളെ പരാജയപ്പെടുത്താനുള്ള പാക്കിസ്ഥാന്റെ നിരന്തരമായ ശ്രമങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മാത്രമെ ഇന്ത്യയുടെ പ്രകോപനങ്ങൾ സഹായിക്കൂ,” ഷെരീഫിൻ്റെ വാക്കുകളെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎഫ്‌പി പറഞ്ഞു.
പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാനെ ബന്ധിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ നിരാകരിച്ച ഷെരീഫ്, ഭീകരാക്രമണത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന ഇസ്ലാമാബാദിന്റെ ആവശ്യം ആവർത്തിച്ചു. സംഘർഷം കൂടുതൽ വഷളാക്കുന്ന “പ്രകോപനപരമായ പ്രസ്താവനകൾ” നടത്തുന്നത് ഒഴിവാക്കാൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കണമെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി യുഎസ് സ്റ്റേറ്റ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ഇന്ത്യയുമായും പാക്കിസ്ഥാനുമായും വാഷിംഗ്ടൺ ഇടപെടുന്നുണ്ടെന്നും സംഘർഷം ഒഴിവാക്കാൻ ഇരു പക്ഷത്തോടും അഭ്യർത്ഥിച്ചതായും ചൊവ്വാഴ്ച വിളിച്ചുച്ചേർത്ത പത്രസമ്മേളനത്തിലാണ് ബ്രൂസ് വെളിപ്പെടുത്തിയത്.
26 പേരുടെ മരണത്തിന് ഇടയാക്കിയ പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇന്ത്യ പാക്കിസ്ഥാനുമായുള്ള നയതന്ത്രബന്ധങ്ങളിൽ മാറ്റം വരുത്തിയിരുന്നു. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തലാക്കുകയും എല്ലാ പാക്കിസ്ഥാൻ അബാസിഡർമാരെ പുറത്താക്കുകയും അട്ടാരി-വാഗ അതിർത്തി അടച്ചുപൂട്ടുകയും ചെയ്തു. മറുപടിയായി പാക്കിസ്ഥാൻ പ്രത്യാക്രമണ നടപടികൾ സ്വീകരിക്കുകയും സിംല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുകയും വ്യോമപാത അടയ്ക്കുകയും ചെയ്‌തു. തുടർന്ന് പാക്കിസ്ഥാൻ വിമാനങ്ങൾക്കുള്ള വ്യോമപാത ഇന്ത്യയും അടച്ചുപൂട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതികാര നടപടി ഭയന്ന് നിരോധനത്തിന് മുമ്പുതന്നെ പാക്കിസ്ഥാൻ വിമാനക്കമ്പനികൾ ഇന്ത്യൻ വ്യോമാതിർത്തി ഒഴിവാക്കാൻ തുടങ്ങിയിട്ടുണ്ടായിരുന്നു.