ജയ്പൂർ : പതിനാല് വയസ്സിൽ ഐപിഎലിൽ അരങ്ങേറ്റം കുറിച്ച് സെഞ്ചറി നേടിയ പ്രായം കുറഞ്ഞ താരമെന്ന് ബഹുമതിക്ക് അർഹനായ വൈഭവ് സൂര്യവംശിക്ക് അമിതമായ ശ്രദ്ധ നൽകി സമ്മർദത്തിലാക്കില്ലെന്ന് രാജസ്ഥാൻ റോയൽസ് പരിശീലകൻ രാഹുൽ ദ്രാവിഡ്. മാധ്യമസമ്മേളനത്തിലെ ചോദ്യങ്ങളിൽ പ്രതികരിക്കുകയായിരുന്നു ദ്രാവിഡ്.
‘‘എല്ലാവർക്കും അറിയേണ്ടത് വൈഭവിനെക്കുറിച്ചാണ്. അവനു ചുറ്റും മറ്റൊരു ലോകം തന്നെ രൂപപ്പെട്ടുകഴിഞ്ഞു. വൈഭവിനെക്കുറിച്ചാണ് ക്രിക്കറ്റ് ലോകം സംസാരിക്കുന്നത്. അതൊന്നും നിയന്ത്രിക്കാൻ എനിക്കു സാധിക്കില്ല. പക്ഷേ, അവന് അമിതമായ ശ്രദ്ധ നൽകി സമ്മർദത്തിലാക്കാൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല.’’ – ദ്രാവിഡ് പറഞ്ഞു.
വൈഭവിന് വേണ്ട എല്ലാ പിന്തുണയും മാർഗ്ഗനിർദ്ദേശവും ഞങ്ങൾ ഉറപ്പുവരുത്തും. യാതൊരു സമ്മർദവും ഇല്ലാതെ തുടർന്നും ആത്മവിശ്വാസത്തോടെ കളിക്കാൻ അവന് അവസരമൊരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം’– ദ്രാവിഡ് വ്യക്തമാക്കി.