പാക്കിസ്ഥാൻ പൗരയായ യുവതിയുമായുള്ള വിവാഹം മറച്ചുവെച്ച സെൻട്രൽ റിസർവ്വ് പോലീസ് സേനയിലെ (സിആർപിഎഫ്) ജവാനെ പിരിച്ച് വിട്ടു. ജമ്മു സ്വദേശി മുനീർ അഹമ്മദിനെയാണ് പിരിച്ചുവിട്ടത്. പാക്കിസ്ഥാനിലേക്ക് അയക്കരുത് എന്ന് ആവശ്യപ്പെട്ട് ഭാര്യ കോടതിയെ സമീപിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.
മുനീർ അഹമ്മദിന്റെ പ്രവൃത്തികൾ സേവന പെരുമാറ്റച്ചട്ടങ്ങൾ ലംഘിക്കുന്നതാണെന്നും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ബന്ധപ്പെട്ട അധികാരികൾ നിഗമനത്തിലെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടാൻ ഉത്തരവിട്ടത്.
പഹൽഗാം ആക്രമണത്തെത്തുടർന്ന് പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായ നടപടികൾ കൈകൊണ്ടതിൻ്റെ ഭാഗമായി ഇന്ത്യയിലെ പാക്കിസ്ഥാനികളോട് സ്വദേശത്തേക്ക് മടങ്ങാൻ ആവശ്യപ്പെട്ടതാണ് മുനീർ അഹമ്മദിന്റെ വിഷയം പുറത്തറിയാൻ കാരണമായത്.
ജമ്മു കശ്മീരിൽ സേവനമനുഷ്ഠിക്കുന്ന സിആർപിഎഫ് ഉദ്യോഗസ്ഥനായ മുനീർ അഹമ്മദ്, ഓൺലൈനിലൂടെ അടുത്ത ബന്ധം വളർത്തിയെടുത്തതിനെത്തുടർന്ന് 2024 മെയ് മാസത്തിലാണ് പാക്കിസ്ഥാനിലെ പഞ്ചാബിൽ നിന്നുള്ള മിനൽ ഖാനെ വിവാഹം കഴിച്ചത്. ഓൺലൈൻ നിക്കാഹ് വഴിയാണ് ഇവരുടെ വിവാഹം ഔപചാരികമാക്കിയത്.
വിസയ്ക്കായി അസാധാരണമായി നീണ്ട കാത്തിരിപ്പിന് ശേഷം 2025 മാർച്ചിലാണ് പാക് വനിത ഇന്ത്യയിലെത്തിയത്. എന്നാൽ, അവരുടെ ഹ്രസ്വകാല വിസ മാർച്ച് 22 ന് അവസാനിച്ചിട്ടും ഇന്ത്യയിൽ തന്നെ തുടർന്നു. ദീർഘകാല വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെന്ന് അവരുടെ അഭിഭാഷകൻ വാദിച്ചു.
അന്വേഷണം ആവശ്യമില്ലാത്ത നിയമങ്ങൾ പ്രകാരമാണ് .
മുനീർ അഹമ്മദിനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത് എന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ഒരു പാക്കിസ്ഥാൻ പൗരയുമായുള്ള വിവാഹം മറച്ചുവെച്ചതിനും വിസയുടെ സാധുതയ്ക്ക് പുറമേ അവളെ അറിഞ്ഞുകൊണ്ട് താമസിപ്പിച്ചതും മുനീർ അഹമ്മദിനെ സർവ്വീസിൽ നിന്ന് പിരിച്ചുവിടാൻ കാരണമായി. അദ്ദേഹത്തിന്റെ പ്രവൃത്തി സേവന പെരുമാറ്റച്ചട്ട ലംഘനവും ദേശീയ സുരക്ഷയ്ക്ക് ഹാനികരവുമാണെന്ന് കണ്ടെത്തി- സിആർപിഎഫ് വക്താവ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) എം ദിനകരൻ പറഞ്ഞു.