ടൊറൻ്റോ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, അഭ്യന്തര മന്ത്രി അമിത്ഷാ , വിദേശകാര്യ മന്ത്രി ജയശങ്കർ എന്നിവരുടെ കൂട്ടിലടച്ച കോലവുമായി കാനഡയിൽ ഖാലിസ്ഥാനി അനുഭാവികളുടെ പരേഡ്. 8,00,000 ഹിന്ദുക്കളെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നടത്തിയ പരേഡിൽ ജയിലിന്റെ മാതൃക ഉൾക്കൊള്ളുന്ന വലിയൊരു ട്രക്കിലായിരുന്നു മൂവരുടെയുടെയും കട്ടൗട്ടുകൾ പ്രദർശിപ്പിച്ചിരുന്നത്.
കാനഡയിലെ ടൊറന്റോയിലെ മാൾട്ടൺ ഗുരുദ്വാരയിലാണ് ഈ ഹിന്ദു വിരുദ്ധ പരേഡ് നടന്നത്. പരേഡിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകളുള്ള ഒരു സിഖ് ഗുരുദ്വാരയും ഒരു ഹിന്ദു ക്ഷേത്രവും തകർത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പരേഡ്. കഴിഞ്ഞ മാസം സറേയിൽ നടന്ന വാർഷിക ഖൽസ ദിന വൈശാഖി പരേഡിലും ഖാലിസ്ഥാൻ പതാകകളും ഇന്ത്യാ വിരുദ്ധ ദൃശ്യങ്ങളും കാണപ്പെട്ടിരുന്നു. പരേഡിൽ പ്രധാനമന്ത്രി മോദിയും അമിത് ഷായും ഉൾപ്പെടുന്ന “വാണ്ടഡ്” പോസ്റ്ററുകൾ ദൃശ്യങ്ങളിൽ കാണിച്ചതിനെത്തുടർന്ന് പരിപാടി ഏറെ വിമർശന വിധേയമായിരുന്നു.