[Photo Courtesy : X ]
ശ്രീനഗർ : പഹൽഗാമിൽ 26 പേരെ വെടിവെച്ചു കൊന്ന ഭീകരർക്കായി തുടരുന്ന തിരച്ചിലിനിടെ കണ്ടെത്തിയ തീവ്രവാദികളുടെ ഒളിത്താവളം സുരക്ഷാസേന തകർത്തതായി റിപ്പോർട്ട്. ജമ്മു കശ്മീരിൽ പൂഞ്ച് സുരൻകോട്ടിലെ വനപ്രദേശത്ത് സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിൽ ഒളിത്താവളം കണ്ടെത്തിയത്. അഞ്ച് ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കൾ (ഐഇഡികൾ) കണ്ടെടുത്തതായും വൃത്തങ്ങൾ അറിയിച്ചു. കണ്ടെടുത്ത ഐഇഡികളിൽ മൂന്നെണ്ണം ടിഫിൻ ബോക്സുകളിലും രണ്ടെണ്ണം സ്റ്റീൽ ബക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു. കൂടാതെ സ്ഥലത്ത് നിന്ന് ആശയവിനിമയ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
താഴ്‌വരയിലുടനീളം വലിയ തോതിൽ ഭീകരരെ തുരത്താനുള്ള പ്രവർത്തനങ്ങൾക്കാണ് അധികൃതർ തുടക്കമിട്ടിട്ടുള്ളത്. സംശയിക്കപ്പെടുന്ന ഒളിത്താവളങ്ങൾ റെയ്ഡ് ചെയ്യുക, തീവ്രവാദികൾ ഉപയോഗിച്ചിരുന്ന ഷെൽട്ടറുകൾ തകർക്കുക , നൂറുകണക്കിന് തീവ്രവാദ കൂട്ടാളികളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുക എന്നിങ്ങനെയുള്ള പ്രവൃത്തികളിലാണ് സേനയെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ജമ്മു കശ്മീരിലുടനീളം സുരക്ഷാ സേന ഭീകരരുടെ അറിയപ്പെടുന്ന സഹായികളെയും പിന്തുണയ്ക്കുന്നവരെയും ലക്ഷ്യം വച്ചുള്ള നിരവധി ഓപ്പറേഷനുകളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ഏപ്രിൽ 22 ന് അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിനടുത്തുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ബൈസരനിൽ തീവ്രവാദികൾ 26 പേരെ കൊല ചെയ്ത സംഭവം പാക്കിസ്ഥാൻ്റെ അതിർത്തി കടന്നുള്ള അക്രമണമാണെന്നാണ് ഇന്ത്യ വിലയിരുത്തിയിട്ടുള്ളത്.