തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്നും ആലപ്പുഴ വഴി മംഗളൂരുവിലേക്കുള്ള വന്ദേഭാരതിന് (20631- 20632) അധിക കോച്ച് അനുവദിച്ച് റെയിൽവെ ബോർഡ്. നിലവിൽ 8 കോച്ചുള്ള ട്രെയിനിന് 8 കോച്ച് കൂടിയാണ് അധികമായി അനുവദിച്ചത്. 8 കോച്ച് അധികമായി ലഭിക്കുന്നതോടെ 530 സീറ്റ് കൂടി വർദ്ധിക്കും.16 കോച്ചുകളുള്ള വന്ദേഭാരത് ഒരാഴ്ചയ്ക്കുള്ളിൽ സർവീസ് ആരംഭിക്കും എന്നാണ് സൂചന .
ബുധനാഴ്ച ഒഴികെ ആറ് ദിവസമാണ് സർവ്വീസ് നടത്തുന്നത്. യാത്രക്കാരുടെ തിരക്കുണ്ടെങ്കിലും കോച്ചുകൾ കുറവായതിനാൽ ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണിപ്പോൾ. രാവിലെ 6.25ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് ഉച്ചയ്ക്കു 3.05ന് തിരുവനന്തപുരത്ത് എത്തും. തിരികെ വൈകിട്ട് 4.05ന് പുറപ്പെട്ട് പുലർച്ചെ 12.40ന് മംഗളൂരുവിൽ എത്തുന്ന രീതിയിലാണു സർവ്വീസ്. നാഗർകോവിൽ – ചെന്നൈ വന്ദേഭാരതിന് 20 കോച്ചുകളുള്ള ട്രെയിൻ ഈ ആഴ്ച ലഭിക്കുമ്പോൾ അവിടെ നിന്നു പിൻവലിക്കുന്ന 16 കോച്ച് ട്രെയിനാണു പാലക്കാട് ഡിവിഷനു ലഭിക്കുക.