‘സംഘർഷം വഷളാക്കരുത് ‘ ; ഓപ്പറ്റേഷൻ സിന്ദൂരിന് ശേഷം ഇന്ത്യ നൽകിയ സന്ദേശം മുഖവിലക്കെടുക്കാതെ പാക്കിസ്ഥാൻ

Date:

ശ്രീനഗർ : ബുധനാഴ്ച പുലർച്ചെ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂരി’ന് ശേഷം  ഇന്ത്യ അയച്ച സന്ദേശം തള്ളിയ മട്ടാണ് പാക്കിസ്ഥാൻ. പാക്കിസ്ഥാനിലെ ഭീകര സംഘടനകളുടെ 9 താവളങ്ങൾ തകർത്ത ഇന്ത്യ, സംഘർഷം കൂടുതൽ വഷളാക്കരുത് എന്നൊരു സന്ദേശവും പാക്കിസ്ഥാന് നൽകിയിരുന്നു. പഹൽഗാമിലെ ഭീകരാക്രമണത്തിന് കൃത്യമായ മറുപടി മാത്രമാണ് തങ്ങൾ നൽകിയിട്ടുള്ളതെന്നും പാക് സൈനിക കേന്ദ്രങ്ങളിലേക്കോ ജനസാന്ദ്ര പ്രദേശങ്ങളിലേക്കോ ആക്രമണത്തിന് തുനിഞ്ഞില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. “ക്രമീകരിച്ചതും വ്യാപനരഹിതവുമായ സമീപനം” എന്നാണ് സൈനിക ഉദ്യോഗസ്ഥർ ഈ ഓപ്പറേഷനെ വിശേഷിപ്പിച്ചത്.

“പഹൽഗാമിലെ ക്രൂരമായ ഭീകരാക്രമണത്തിനുള്ള കൃത്യവും സംയമനം പാലിച്ചതുമായ പ്രതികരണം” –  ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ഇങ്ങനെയായിരുന്നു പ്രതിരോധ മന്ത്രാലയത്തിൻ്റെ വിശേഷണം. ഇന്ത്യയുടെ സൈനികനടപടിയില്‍ പാക്കിസ്ഥാനിലെ 70-ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

എന്നാൽ, പാക് അധീന കശ്മീരിലേയും (പി‌ഒ‌കെ) മറ്റും ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ് പാക് നേതൃത്വം.
ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തെ ‘ആക്ട് ഓഫ് വാർ’ (യുദ്ധപ്രവൃത്തി) എന്ന് വിശേഷിപ്പിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഉചിതമായ മറുപടി നൽകുമെന്ന് പറഞ്ഞു. ആണവായുധങ്ങളുള്ള രണ്ട് രാജ്യങ്ങളെയും “ഒരു വലിയ സംഘട്ടനത്തിലേക്ക് അടുപ്പിച്ച” “അശ്രദ്ധമായ നടപടി” എന്നാണ് പാക്കിസ്ഥാൻ സർക്കാർ ആക്രമണത്തെ വിശേഷിപ്പിക്കുന്നത്.

ഏപ്രിൽ 22 ന് കശ്മീരിലെ പഹൽഗാമിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയവരെ പാക്കിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികൾ കൊലപ്പെടുത്തിയതിന് മറുപടിയായാണ് മെയ് 7 ന് ഇന്ത്യ ആക്രമണം നടത്തിയത്.

2016 ലെ ഉറി സർജിക്കൽ സ്‌ട്രൈക്കുകൾക്കും 2019 ലെ പുൽവാമ വ്യോമാക്രമണങ്ങൾക്കും ശേഷം, പാക്കിസ്ഥാന്റെ യുദ്ധസ്വഭാവവും തീവ്രവാദികളോടുള്ള സമീപനവും കൂടുതൽ ചിന്തിപ്പിക്കാനും വീണ്ടും നടപടിയെടുക്കാനും ഇന്ത്യയെ പ്രചോദിപ്പിക്കുകയായിരുന്നു.
ഈ ആക്രമണങ്ങളുടെ ആഖ്യാനം രൂപപ്പെടുത്തുന്നതിൽ ഇന്ത്യ തങ്ങളുടെ നയതന്ത്ര സംവിധാനത്തെ മുൻപന്തിയിൽ നിർത്തിയിട്ടുണ്ട്. ഒപ്പം പാക്കിസ്ഥാനെ ഇരയാക്കാൻ അനുവദിക്കുന്നുമില്ല.

പക്ഷെ, പാക്കിസ്ഥാൻ ഭരണകൂടത്തിൻ്റെ തിരിച്ചറിവ് മറ്റൊന്നായിപ്പോയി എന്നത് ദൗർഭാഗ്യകരമായി. അവർ യുദ്ധഭീഷണി മുഴക്കിക്കഴിഞ്ഞു. ജമ്മു കശ്മീരിലെ പൂഞ്ചിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു.  പരിക്കേറ്റ ലാൻസ് നായിക് ദിനേഷ് കുമാർ  ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പൂഞ്ചിലും കുപ്‍വാരയിലുമായി പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 15 ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഇതിൽ രണ്ട് സ്കൂൾ കുട്ടികളുമുണ്ട്.  കശ്‍‌മീരികളാണ് മരിച്ചവരെല്ലാം. 43 പേർ പരിക്കേറ്റ് ചികിത്സയിലാണ്. ജനങ്ങൾ ഭീതിയിലായതിനാൽ പ്രദേശം വിട്ട് പലായനം ചെയ്യുകയാണ്. 

പൂഞ്ചിൽ അതിർത്തി പ്രദേശത്തെ മലമുകളിൽ നിലയുറപ്പിച്ച പാക് സൈനികർ നിരപരാധികളായ കശ്‌മീരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വീടുകളടക്കം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.  ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിൽ രക്ഷാസേന കൺട്രോൾ റൂമുകൾ തുറന്നു. 10 ജില്ലകളിലാണ് ഇപ്പോൾ കൺട്രോൾ റൂമുകൾ പ്രവർത്തനക്ഷമമായത്.

Share post:

Popular

More like this
Related

സുധാകരനെ നീക്കിയതിൽ പ്രതിഷേധം: കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവെച്ചു

മുഴപ്പിലങ്ങാട്: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നും കെ. സുധാകരനെ നീക്കിയതിൽ പ്രതിഷേധിച്ച്...

‘പാക് പട്ടാളം സംയമനം പാലിച്ചാല്‍ മാത്രം സമാധാനം’ ;  വിശദീകരണവുമായി വീണ്ടും സംയുക്ത വാര്‍ത്താസമ്മേളനം

ന്യൂഡൽഹി : പാക് പട്ടാളം സംയമനം പാലിച്ചാൽ  സമാധാനം നിലനിർത്താൻ ഇന്ത്യയും...