ന്യൂഡൽഹി : പഹൽഗ്രാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറില്‍ നൂറോളം ഭീകരർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ. സർവ്വകക്ഷിയോഗത്തിൽ പ്രതിപക്ഷത്തോട് സർക്കാർ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും 9 ഇടങ്ങളിലായാണ് ഭീകരത്താവളങ്ങൾക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയത്.
കൃത്യതയുള്ള ആക്രമണങ്ങളിൽ ഏകദേശം 100 തീവ്രവാദികളെ ഇല്ലാതാക്കിയെന്നും പാക്കിസ്ഥാൻ ഏതെങ്കിലും തരത്തിലുള്ള സാഹസികതയ്ക്ക് തുനിഞ്ഞാൽ ഇന്ത്യ പിന്മാറില്ലെന്നും സര്‍ക്കാർ വ്യക്തമാക്കി. ”ഓപ്പറേഷൻ സിന്ദൂറിൽ, 9 തീവ്രവാദ ഒളിത്താവളങ്ങളിൽ കൃത്യമായ ആക്രമണങ്ങൾ നടത്തി. ഏകദേശം 100 തീവ്രവാദികൾ കൊല്ലപ്പെട്ടു. വിവര സ്ഥിരീകരണത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണ്. കണക്കെടുപ്പ് തുടരുകയാണ്,” സർക്കാർ സർവ്വകക്ഷി യോഗത്തെ അഭിസംബോധന ചെയ്ത് വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂർ നിലവിൽ തുടരുകയാണെന്നും അതിനാൽ പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാൻ സാധിക്കില്ലെന്നും കേന്ദ്രസർക്കാർ സർവ്വകക്ഷി യോഗത്തിൽ അറിയിച്ചു. ഇന്ത്യ പ്രകോപനത്തിനോ യുദ്ധത്തിനോ തയ്യാറല്ല എന്നാൽ പാക്കിസ്ഥാൻ ആക്രമണം തുടർന്നാൽ ഇന്ത്യ തിരിച്ചടിക്കുമെന്ന് യോഗത്തിൽ കേന്ദ്രം വ്യക്തമാക്കി. സർവ്വകക്ഷിയോഗത്തിൽ പ്രതിരോധമന്ത്രി രാജ് നാഥ് സിങാണ് കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ടെന്ന നിലപാടാണ് യോഗത്തിൽ നേതാക്കൾ പങ്കുവച്ചത്.