ന്യൂഡൽഹി : അബദ്ധത്തിൽ അതിർത്തി കടന്നതിന് പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ പികെ ഷായെ വാഗാ അതിർത്തിയിലൂടെ തിരികെ രാജ്യത്ത് എത്തിച്ചു.
ഏപ്രിൽ 23 മുതൽ പാക്കിസ്ഥാൻ റേഞ്ചേഴ്‌സിന്റെ കസ്റ്റഡിയിലായിരുന്ന ബിഎസ്എഫ് കോൺസ്റ്റബിൾ പൂർണം കുമാർ ഷായെ ബുധനാഴ്ച രാവിലെ ഇന്ത്യൻ അധികാരികൾക്ക് തിരികെ കൈമാറി. അമൃത്സറിലെ അട്ടാരിയിലെ ജോയിന്റ് ചെക്ക് പോസ്റ്റിൽ രാവിലെ 10:30 ഓടെയാണ് കൈമാറ്റം നടന്നത്. സ്ഥാപിതമായ പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് സമാധാനപരമായാണ് കൈമാറ്റം നടന്നതെന്ന് ബിഎസ്എഫ് പ്രസ്താവനയിൽ അറിയിച്ചു. ഷായെ സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്.
പഞ്ചാബിലെ ഫിറോസ്പൂരിനടുത്തുള്ള അന്താരാഷ്ട്ര അതിർത്തി അബദ്ധത്തിൽ കടന്നതിന് ഏപ്രിൽ 23 ന് 182-ാം ബറ്റാലിയനിലെ ബിഎസ്എഫ് ജവാൻ ഷായെ പാക്കിസ്ഥാൻ റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്തത്. അതിർത്തി വേലിക്ക് സമീപം യൂണിഫോമിൽ സർവീസ് റൈഫിളുമായി ഡ്യൂട്ടിയിലായിരുന്ന ഷാ വിശ്രമിക്കാൻ തണലുള്ള ഒരു പ്രദേശത്തേക്ക് നീങ്ങിയതായി റിപ്പോർട്ടുണ്ട്. ഇതിനിടെ അദ്ദേഹം അറിയാതെ പാക്കിസ്ഥാൻ പ്രദേശത്തേക്ക് കടന്നതാണ് പാക്കിസ്ഥാൻ റേഞ്ചേഴ്സിൻ്റെ പിടിയിലാവാൻ കാരണം.