ന്യൂഡൽഹി: ലോക്സഭ എം.പിയായി സത്യപ്രതിജ്ഞ ചെയ്ത് ന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കും ആദിവാസികൾക്കും വേണ്ടി മുദ്രാവാക്യം മുഴക്കി ശശികാന്ത് സെന്തിൽ. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സത്യപ്രതിജ്ഞക്കൊടുവിൽ ‘ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും ആദിവാസികൾക്കുമെതിരായ ലജ്ജാകരമായ അതിക്രമങ്ങൾ നിർത്തൂ… ജയ് ഭീം, ജയ് സംവിധാൻ…’ എന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് അദ്ദേഹം നിർത്തിയത്. ബി.ജെ.പി എം.പിമാരുടെ ബഹളത്തിനിടെയാണ് അദ്ദേഹം തന്റെ നിലപാട് വിളിച്ചുപറഞ്ഞത്.
2019 – ൽ ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ച് ഐ.എ.എസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ചരിത്രമാണ് ശശികാന്ത് സെന്തിലിന് ഉള്ളത്. വൈവിധ്യമാർന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന നിർമ്മാണ ഘടകങ്ങളിൽ വിട്ടുവീഴ്ച ചെയ്യപ്പെടുമ്പോൾ ആ സ്ഥാനത്ത് തുടരുന്നത് അധാർമികമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അന്ന് അദ്ദേഹത്തിൻ്റെ രാജി. ഇപ്പോൾ തമിഴ്നാട്ടിലെ തിരുവള്ളുവിൽ നിന്നുള്ള കോൺഗ്രസ് എം.പിയാണ് ശശികാന്ത് സെന്തിൽ.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയെ രണ്ടു ലക്ഷത്തിലധികം വോട്ടുകൾക്കാണ് സെന്തിൽ പരാജയപ്പെടുത്തിയത്.
ബി.ജെ.പി എം.പിമാരുടെ പ്രതിഷേധത്തെ തുടർന്ന് അതിക്രമങ്ങൾക്കെതിരായ സെന്തിലിന്റെ വാക്കുകൾ രേഖകളിൽ ചേർക്കില്ലെന്ന് പ്രോ ടേം സ്പീക്കർ പറഞ്ഞു.