ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് പ്രവർത്തിച്ചതിന് പിന്നാലെ തുര്‍ക്കിയിലെ സര്‍വ്വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ഡല്‍ഹി ജവാഹർലാൽ നെഹ്‌റു സര്‍വ്വകലാശാല (ജെഎന്‍യു). ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് തുര്‍ക്കിയിലെ ഇനോനു സര്‍വ്വകലാശാലയുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കിയത്.
ദേശീയ സുരക്ഷ പരിഗണിച്ച് തുര്‍ക്കി സര്‍വ്വകലാശാലയുമായുള്ള ധാരണാപത്രം (എംഒയു) താത്കാലികമായി റദ്ദാക്കിയെന്ന് ഡല്‍ഹി സര്‍വ്വകലാശാല സാമൂഹിക മാധ്യമമായ എക്‌സില്‍
പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ജെഎന്‍യു രാജ്യത്തിനൊപ്പം നിലകൊള്ളുന്നു എന്നും പോസ്റ്റിലുണ്ട്. കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് ഇരു സര്‍വ്വകലാശാലകളും തമ്മിൽ കരാര്‍ ഒപ്പുവെച്ചത്. 2028 ഫെബ്രുവരി രണ്ടുവരെ, മൂന്നുവര്‍ഷത്തേക്കായിരുന്നു കരാര്‍ കാലാവധി. നിലവിലെ പശ്ചാതലത്തില്‍ മൂന്നര മാസത്തിനിടെത്തന്നെ റദ്ദക്കുകയായിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിനെ വിമർശിച്ച് തുര്‍ക്കി പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ തൊടുത്തുവിട്ട ഡ്രോണുകള്‍ തുര്‍ക്കിയുടേതാണെന്നാണ് പിന്നീട് വന്ന റിപ്പോര്‍ട്ട്. ഇവ ഇന്ത്യ നിര്‍വീര്യമാക്കി. പാക് സൈന്യത്തിന് തുര്‍ക്കിയില് നിന്ന് വിദഗ്‌ധോപദേശവും സൈനികരെയും ലഭിച്ചെന്നും വിവരമുണ്ട്. ഇന്ത്യൻ ഓപ്പറേഷനിൽ പാക് മേഖലയിൽ മരണപ്പെട്ട മൂന്ന് സൈനികർ തുർക്കിക്കാരായിരുന്നു.
ഇന്ത്യക്കെതിരേ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ടര്‍ക്കിഷ് മാധ്യമമായ ടിആര്‍ടി വേള്‍ഡിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ നിരോധിക്കുകയും ചെയ്തു. ടര്‍ക്കിഷ് ഉത്പന്നങ്ങളും സേവനങ്ങളും ഇന്ത്യയില്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ശക്തമാണ്. തുർക്കി, അസർബൈജാൻ സ്ഥലങ്ങളെ ഇന്ത്യൻ ടൂറിസ്റ്റുകൾ ഇതിനിടെ ബഹിഷ്ക്കരിച്ച് കഴിഞ്ഞതായാണ് റിപ്പോർട്ട്