ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് വിദേശ പര്യടനത്തിൽ സർവ്വകക്ഷി സംഘത്തെ നയിക്കാൻ തന്നോട് ആവശ്യപ്പെട്ടത് കേന്ദ്രസർക്കാരാണെന്നും ക്ഷണം താൻ അഭിമാനത്തോടെ സ്വീകരിച്ചുവെന്നും ശശി തരൂർ. സർക്കാർ ഒരു പൗരനോട് ആവശ്യപ്പെടുമ്പോൾ അത് നിറവേറ്റണ്ടതുണ്ട്. ദേശ സ്‌നേഹം പൗരന്മാരുടെ കടമയാണ്, ഇപ്പോൾ സർക്കാർ എന്റെ സേവനം ആവശ്യപ്പെടുന്നു ഞാൻ അതിൽ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും തരൂർ വിശദീകരിച്ചു.

താനൊരു പാർലമെൻ്ററി കമ്മിറ്റിയുടെ അദ്ധ്യക്ഷൻ കൂടിയാണ്. കേന്ദ്രസർക്കാരിൽ നിന്ന് പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജുവാണ് തന്നെ വിളിച്ചതെന്നും ക്ഷണത്തെ കുറിച്ച് താൻ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും തരൂർ വ്യക്തമാക്കി. ”രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ. 88 മണിക്കൂർ നീണ്ട യുദ്ധം നമ്മൾ കണ്ടതാണ്. ഇക്കാര്യത്തിൽ രാഷ്ട്രീയം കാണുന്നില്ല.
കോൺഗ്രസ് നേതൃത്വത്തിന് തൻ്റെ കഴിവിലും കഴിവില്ലായ്മയിലും വ്യത്യസ്തമായ അഭിപ്രായം കാണും. ആർക്കും എന്നെ അത്ര എളുപ്പത്തിൽ അപമാനിക്കാൻ കഴിയില്ല. ദേശസേവനം പൗരന്മാരുടെ കടമയാണ് എന്നാണ് എന്റെ വിശ്വാസം. രാജ്യത്തിന് വേണ്ടി ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നാണ് താൻ വിശ്വസിക്കുന്നത്.” ഓരോരുത്തർക്കും അവരുടേതായ വിലയുണ്ടെന്നും തന്നെ ക്ഷണിച്ചത് കൊണ്ട് താൻ പോകുമെന്നും ശശി തരൂർ വ്യക്തമാക്കി.
ശശി തരൂരിനെ കൂടാതെ വിദേശ രാജ്യങ്ങളിലേക്കുള്ള വിവിധ പ്രതിനിധി സംഘങ്ങളെ വ്യത്യസ്ത രാഷ്ട്രീയ കക്ഷികളിൽ നിന്നുള്ളവരാണ് നയിക്കുന്നത്. എന്‍ഡിഎയില്‍ നിന്ന് ബിജെപിയുടെ രവിശങ്കര്‍ പ്രസാദ്, ബൈജയന്ത് പാണ്ഡ, ജെഡിയുവിന്‍റെ സഞ്ജയ് കുമാര്‍ ഝാ, ശിവസേന ഷിന്‍ഡെ വിഭാഗത്തില്‍ നിന്ന് ശ്രീകാന്ത് ഷിന്‍ഡെ, പ്രതിപക്ഷത്ത് നിന്ന് ഡിഎംകെയുടെ കനിമൊഴി, എന്‍സിപിയുടെ സുപ്രിയ സുലേ എന്നിവരും ഓരോ സംഘത്തെ നയിക്കും.