ബംഗ്ളൂരു : വില്ലനായി വന്ന മഴ ഐപിഎല്ലിൽ പ്ലേഓഫ് കാണിക്കാതെ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (കെകെആർ) പുറത്താക്കി. ശക്തമായ മഴയെ തുടർന്ന് ശനിയാഴ്ചത്തെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ – കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം ഉപേക്ഷിച്ചു. ഇതോടെയാണ് കൊൽക്കത്ത പ്ലേഓഫ് മത്സരത്തിൽ നിന്ന് പുറത്തായത്. 12 പോയിന്റുമായി കെകെആർ ആറാം സ്ഥാനത്തായിരുന്നു. പ്ലേഓഫിലെത്താമെന്ന പ്രതീക്ഷ ഇതോടെ അവസാനിച്ചു. അതേസമയം, 17 പോയിന്റുമായി ആർസിബി ഒന്നാം സ്ഥാനത്താണ്. ഇതോടെ ആർസിബിയുടെ പ്ലേഓഫ് സ്ഥാനം ഉറപ്പായി. ആർസിബിക്ക് ഇനിയും 2 മത്സരങ്ങൾ കൂടി ബാക്കിയുണ്ട്.
ഇന്ത്യ- പാക് സംഘർഷത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച ഐപിഎൽ പുനരാരംഭിച്ചപ്പോൾ നിരവധി പേരാണ് മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയിരുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതിന് ശേഷം കോഹ്‌ലി ആദ്യമായി കളിക്കളത്തിലിറങ്ങുന്ന മത്സരമായതിനാൽ തന്നെ അദ്ദേഹത്തിന് അഭിവാദ്യമർപ്പിച്ച് വെള്ള ജേഴ്‌സി ധരിച്ച് നിരവധി ആരാധകർ സ്റ്റേഡിയത്തിലേക്ക് എത്തിയിരുന്നു. എന്നാൽ ശക്തമായ മഴ കാരണം ടോസ്സിംഗ് പോലും നടന്നിരുന്നില്ല.
ഐപിഎൽ 2025 പോയിന്റ് പട്ടികയിൽ നിലവിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആണ് ഒന്നാം സ്ഥാനത്ത്. 12 മത്സരങ്ങളിലായി 8 വിജയങ്ങളിൽ (ഒരു സമനില) ആർസിബിക്ക് 17 പോയിന്റാണുള്ളത്. മറുവശത്ത്, 13 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആറാം സ്ഥാനത്താണ്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിൽ 36 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഈ കാലയളവിൽ കൊൽക്കത്ത ടീം 20 മത്സരങ്ങൾ ജയിച്ചു. ആർസിബി 15 മത്സരങ്ങളിൽ വിജയിച്ചു. ഒരു മത്സരം അനിശ്ചിതത്വത്തിലായിരുന്നു. നേരത്തെ 2025 മാർച്ച് 22 ന് ഈഡൻ ഗാർഡൻസിൽ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയിരുന്നു. ആ മത്സരത്തിൽ ആർസിബി 7 വിക്കറ്റിന് വിജയിച്ചിരുന്നു.