മുംബൈ: പാക്കിസ്ഥാനുമായുള്ള സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ 2025 ലെ ഏഷ്യാ കപ്പ് ഇന്ത്യ കളിക്കുകയോ ആതിഥേയത്വം വഹിക്കുകയോ ചെയ്യില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ഈ വർഷം ഇന്ത്യയും ശ്രീലങ്കയും ടൂർണമെന്റിന് ആതിഥേയത്വം വഹിക്കേണ്ടതായിരുന്നു. ഇന്ത്യ- പാക് സംഘർഷത്തെ തുടർന്ന് അടുത്ത മാസം ശ്രീലങ്കയിൽ നടക്കാനിരുന്ന വനിതാ എമേർജിംഗ് ടീമുകളുടെ ഏഷ്യാ കപ്പും റദ്ദാക്കിയതായി ബിസിസിഐ വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. 2023 ഏഷ്യാ കപ്പിലെ നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ.
സപ്തംബറിൽ നടക്കുന്ന പുരുഷ ഏഷ്യാ കപ്പിനെ സംബന്ധിച്ച അന്തിമ തീരുമാനം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയുടെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന എസിസി (ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ) യോഗത്തിൽ ഉണ്ടാവും. എന്നാൽ, ടൂർണമെന്റിൽ കളിക്കുകയോ ആതിഥേയത്വം വഹിക്കുകയോ ചെയ്യില്ലെന്ന് ഇന്ത്യ ഇതിനോടകം എസിസിയെ അറിയിച്ചു കഴിഞ്ഞു എന്നാണറിയുന്നത്. ഇന്ത്യയുടെ പങ്കാളിത്തമില്ലെങ്കിൽ മത്സരം റദ്ദാക്കാനോ ഏഷ്യാക്കപ്പ് ഉപേക്ഷിക്കാനോ സാദ്ധ്യതയുണ്ട്. ഇന്ത്യയെ കൂടാതെ പാക്കിസ്ഥാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളണ് ഏഷ്യാക്കപ്പിലെ മറ്റ് മത്സരാർത്ഥികൾ. മൊഹ്‌സിൻ നഖ്‌വി നിലവിൽ എസിസി ചെയർമാനായതിനാൽ ഏഷ്യാക്കപ്പ് ഉപേക്ഷിക്കേണ്ടിവന്നാൽ ഉണ്ടാകാവുന്നഎല്ലാ സാമ്പത്തിക നഷ്ടങ്ങളും അദ്ദേഹം വഹിക്കേണ്ടിവരും.
ടൂർണമെന്റിന്റെ സാമ്പത്തിക പിന്തുണയുടെ വലിയൊരു പങ്കും ഇന്ത്യൻ സ്പോൺസർമാരിൽ നിന്നും പ്രക്ഷേപകരിൽ നിന്നുമാണ്. എട്ട് വർഷത്തേക്ക് 170 മില്യൺ യുഎസ് ഡോളറിന് 2024 ൽ സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യ (എസ്പിഎൻഐ) ഏഷ്യാ കപ്പ് മത്സരങ്ങളുടെ മാധ്യമ അവകാശങ്ങൾ സ്വന്തമാക്കിയതാണ്. ഏഷ്യാക്കപ്പിൽ ആകെയുള്ള 19 മത്സരങ്ങളിൽ കുറഞ്ഞത് രണ്ട് ഇന്തോ-പാക് മത്സരങ്ങളെങ്കിലും നടക്കേണ്ടതായിരുന്നു. എതിരാളികൾ തമ്മിലുള്ള അന്തിമ ഏറ്റുമുട്ടലിന്റെ സാദ്ധ്യതയ്ക്ക് പുറമേ, ഉയർന്ന പരസ്യ വരുമാനം പ്രക്ഷേപകർക്ക് ലഭ്യമാകുമായിരുന്നു.
2023 ൽ പാക്കിസ്ഥാൻ ആതിഥേയത്വം വഹിച്ച ഏഷ്യാക്കപ്പിൽ ഹൈബ്രിഡ് മാതൃക സ്വീകരിച്ച് ഇന്ത്യയുടെ മത്സരങ്ങൾ, ഫൈനൽ ഉൾപ്പെടെ പൂർണ്ണമായും ശ്രീലങ്കയിലായിരുന്നു അരങ്ങേറിയത്. ഈ വർഷം ആദ്യം ഐസിസി ചാമ്പ്യൻസ് ട്രോഫിയിലും ഇതേ മാതൃകയാണ് പിൻതുടർന്നിരുന്നത്. ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകുന്നതിനു പകരം ദുബൈയിലാണ് തങ്ങളുടെ മത്സരങ്ങൾ കളിച്ചത്.