കോഴിക്കോട് :രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷകത്തില്‍ വികസന പദ്ധതികള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിന്റെയും പുരോഗതിയുടെയും ഒമ്പത് വര്‍ഷങ്ങളായിരുന്നു പിന്നിട്ടതെന്നും നവകേരളനയമാണ് ഇടതു സര്‍ക്കാര്‍ നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരളം എന്ന സ്വപ്നത്തിലേക്കടുത്തുവെന്നും ഏതാനും ചുവടുകള്‍ കൂടിയേ ഇനി മുന്നിലുള്ളൂവെന്നും അദ്ദേഹം കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കെ റെയില്‍ ഇന്നല്ലെങ്കില്‍ നാളെ യാഥാര്‍ത്ഥ്യമാകുക തന്നെ ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ അതിന് പാരവെച്ചത് കേരളത്തിലെ ബിജെപി നേതൃത്വമാണെന്ന് പരോക്ഷമായി പറഞ്ഞു വെച്ചു.
”കേരളത്തിന്റെ ഭാവിയെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടാണ് സര്‍ക്കാറിനുള്ളത്. ജില്ലകള്‍ കേന്ദ്രീകരിച്ച് സര്‍ക്കാറിന്റെ വാര്‍ഷിക ആഘോഷം നടക്കുകയാണ്. എല്ലാത്തിനും മികച്ച പങ്കാളിത്തമാണുള്ളത്. ക്രിയാത്മക ചര്‍ച്ചകളുടെ വേദികൂടിയാണത്. സാമ്പത്തിക വികസനവും സാമൂഹ്യ നീതിയും ഒരുമിച്ച് കൊണ്ടു പോകണം. കഴിഞ്ഞ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിലെ പുരോഗതി വാര്‍ഷിക വേളകളില്‍ പൊതുജനത്തിന് നല്‍കാറുണ്ട്. കോവിഡ് കാലത്ത് പല മേഖലകളിലും തകര്‍ച്ചയുണ്ടായി. അതിനെ അതിജീവിച്ച് സംസ്ഥാനം മുന്നേറുകയാണ്”, മുഖ്യമന്ത്രി പറഞ്ഞു.
സമാനതകളില്ലാത്ത പ്രകൃതി ദുരന്തമുണ്ടായെന്നും അതിനെയും അതിജീവിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനെ വെല്ലുവിളിച്ചവരെല്ലാം നിശബ്ദരായെന്നും വാര്‍ഷികാഘോഷ പരിപാടികളില്‍ വലിയ ജന മുന്നേറ്റം ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത് നേട്ടമാണെന്നും ദേശീയ പാതാ വികസനം സാദ്ധ്യമായത് ഇച്ഛാശക്തി ഒന്നു കൊണ്ട് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
”കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നിവയെല്ലാം സര്‍ക്കാരിന്റെ നേട്ടങ്ങളായി. യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ച ഗെയില്‍ പദ്ധതി നടപ്പിലാക്കി. വൈദ്യുതി, കാര്‍ഷിക, വ്യാവസായിക മേഖലയില്‍ വന്‍ നേട്ടങ്ങളുണ്ടാക്കി. ആയുര്‍വ്വേദ ഗവേഷണ കേന്ദ്രം, കൊച്ചി- ബാംഗ്ലൂര്‍ വ്യാവസായ ഇടനാഴി, മലയോര ഹൈവെ, വാട്ടര്‍മെട്രോ എന്നിവ വന്‍ പദ്ധതികളാണ്. ഭവനരഹിതരിലില്ലാത്ത കേരളം പദ്ധതി സാക്ഷാത്കരിക്കാന്‍ നടപടി സ്വീകരിച്ചു” മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് കല്ലിട്ടത് യുഡിഎഫ് കാലത്താണെന്നും എന്നാല്‍ നൂറ് ശതമാനം പ്രവൃത്തികളും നടന്നത് എല്‍ഡിഎഫ് കാലത്താണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിഎസ്‌സി വഴി നിയമനം സുതാര്യമാക്കിയെന്നും രാജ്യത്തെ ആകെ നിയമനങ്ങളില്‍ 42 ശതമാനവും കേരളത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
”കേന്ദ്രത്തിന്റെ അനുമതിയോടെ മാത്രമെ സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ കഴിയുകയുള്ളൂ. സാധാരണ നിലയില്‍ ആരും അതിന് എതിര് നില്‍ക്കില്ല. രാജ്യം പുരോഗമിക്കേണ്ട കാര്യങ്ങളെ പറ്റി കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ എതിര് നില്‍ക്കേണ്ട കാര്യമില്ല. ഉത്തമവിശ്വാസത്തോടെയാണ് പദ്ധതി മുന്നോട്ടുവെച്ചത്. എന്നാല്‍ പദ്ധതി മുന്നോട്ടുവെച്ചു കഴിഞ്ഞപ്പോള്‍ അത്യന്തം നിര്‍ഭാഗ്യകരമായ അവസ്ഥയാണ് ഉണ്ടായത്. ആ പദ്ധതിക്ക് അംഗീകാരം നല്‍കില്ല എന്ന നിലവന്നു. അതിനിടയാക്കിയത് ഇവിടെയുള്ള ചില ആളുകളാണ്. ഇപ്പോള്‍ ഇത് വേണ്ടെന്ന നിലപാട് എടുത്തു. പദ്ധതി വേണ്ട എന്നല്ല പറഞ്ഞത്. ഇപ്പോള്‍ വേണ്ട എന്നാണ് അവര് പറഞ്ഞത്.
ഇതൊക്കെ രാജ്യത്തിന്റെ വികസനമാണല്ലോ. കേന്ദ്രം അതിനൊപ്പം നില്‍ക്കുമെന്നാണ് ഞങ്ങള്‍ കരുതിയത്. പക്ഷേ വികസന വിരുദ്ധരുടെ കാഴ്ചപ്പാടിന് ഒപ്പമാണ് കേന്ദ്രം നിന്നതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.