ന്യൂഡൽഹി : ഗാർഹിക പീഡനം മുൻനിർത്തി സ്ത്രീകൾക്കുള്ള സംരക്ഷണ (ഡിവി) നിയമ നടത്തിപ്പ് മെച്ചപ്പെടുത്തുന്നതിനായി ആറ് ആഴ്ചയ്ക്കുള്ളിൽ നിയുക്ത പ്രൊട്ടക്ഷൻ ഓഫീസർമാരെ നിയമിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ഉത്തരവിട്ട് സുപ്രീം കോടതി. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് ഉത്തരവ്. പല പ്രദേശങ്ങളിലും നിയമിതരായ പ്രൊട്ടക്ഷൻ ഓഫീസർമാരുടെ അഭാവം ശ്രദ്ധയിൽപ്പെട്ട കോടതി, “ഓരോ ജില്ലാ, താലൂക്ക് തലത്തിലും വനിതാ-ശിശു വികസന വകുപ്പിന്റെയോ സാമൂഹികക്ഷേമ വകുപ്പിന്റെയോ ഒരു ഉദ്യോഗസ്ഥനെ” നിയമപ്രകാരം നിയമിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വ്യക്തമായ നിർദ്ദേശങ്ങൾ നൽകി.
കുടുംബത്തിനുള്ളിൽ ശാരീരിക, മാനസിക, ലൈംഗിക, സാമ്പത്തിക അതിക്രമങ്ങൾക്ക് വിധേയരായ സ്ത്രീകൾക്ക് ബന്ധപ്പെടുന്നതിനുള്ള ആദ്യ പോയിന്റാണ് പ്രൊട്ടക്ഷൻ ഓഫീസർമാർ. ഉചിതമായ നടപടി ഉറപ്പാക്കുന്നതിനും, നിയമനടപടികൾ ആരംഭിക്കുന്നതിനും, ഇരയാകുന്ന സ്ത്രീകളുടെ സുരക്ഷയും ക്ഷേമവും നിരീക്ഷിക്കുന്നതിനും ഈ ഉദ്യോഗസ്ഥർ ഉത്തരവാദികളാണ്.
ഡിവി നിയമം രണ്ട് പതിറ്റാണ്ടായി പ്രാബല്യത്തിൽ വന്നിട്ടും, രാജ്യത്തുടനീളം അതിന്റെ നടപ്പാക്കൽ അലസമായി തുടരുന്നു. ശിശുക്ഷേമ, സംരക്ഷണ ചുമതലകൾ ഉൾപ്പെടുന്ന ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെന്റ് സ്‌കീം (ഐസിഡിഎസ്) കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ഡിവി ആക്ടിന് കീഴിലുള്ള ഉത്തരവാദിത്തങ്ങൾ പല സംസ്ഥാനങ്ങളും നൽകുന്നതാണ് പ്രശ്‌നത്തിന് കാരണം. “വീ ദി വിമൻ” എന്ന എൻജിഒയെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷക ശോഭ ഗുപ്തയാണ് വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയിൽ എത്തിച്ചത്.
നിലവിലെ ഉദ്യോഗസ്ഥർ അമിതഭാരമുള്ളവരാണെന്നും ജോലിഭാരം കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെന്നും ഇത് ദുർബലരായ സ്ത്രീകളെയും കുട്ടികളെയും പിന്തുണയില്ലാത്തവരാക്കുന്നുവെന്നുമാണ് ശോഭ ഗുപ്ത വാദിച്ചത്. ഐസിഡിഎസ് അല്ലെങ്കിൽ അംഗൻവാടി വർക്കർമാരെ പിഒ ആയി നിയമിക്കുന്നതിൽ മാത്രം ഒതുക്കരുതെന്നും ഗുപ്ത വാദിച്ചു.
സമർപ്പിത ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള തടസ്സങ്ങളായി മിക്ക സംസ്ഥാനങ്ങളും വാദിക്കുന്നത് നിയമനം, പരിശീലനം, ധനസഹായം തുടങ്ങിയ വെല്ലുവിളികളാണ്. നിയമം നടപ്പിലാക്കുന്നതിന് കേന്ദ്ര സർക്കാരും നാഷണൽ ലീഗൽ സർവ്വീസസ് അതോറിറ്റിയും (NALSA) പിന്തുണ നൽകണമെന്നും കോടതി പറഞ്ഞു. ജില്ലാ, താലൂക്ക് തലങ്ങളിൽ ദുർബ്ബലരായ സ്ത്രീകൾക്ക് സൗജന്യ നിയമ സഹായത്തിന്റെയും ഉപദേശത്തിന്റെയും ലഭ്യത ഉറപ്പു വരുത്തുന്നതിന് സംസ്ഥാന, യുടി നിയമ സേവന അതോറിറ്റികളുമായി ഏകോപനം നടത്താനും NALSAയുടെ മെമ്പർ സെക്രട്ടറിയോട് ബെഞ്ച് നിർദ്ദേശിച്ചു.