ബംഗളൂരൂ :ബംഗളൂരു റെയിൽവേ ട്രാക്കുകൾക്ക് സമീപം സ്യൂട്ട്കേസിനുള്ളിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഹൊസൂർ മെയിൻ റോഡിന് സമീപമുള്ള പഴയ ചന്ദപുര റെയിൽവേ പാലത്തിന് സമീപമാണ് സ്യൂട്ട്കേസിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഏകദേശം 18 വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടിയുടെ ശരീര ഭാഗങ്ങളാണ് പെട്ടിയ്ക്കുള്ളിലുള്ളത്. മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ച് കടത്തി ഓടുന്ന ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞതാകാമെന്നാണ് പ്രാഥമിക വിവരം.
സൂര്യനഗർ പോലീസ് പ്രാഥമിക പരിശോധനക്ക് ശേഷം ബൈയപ്പനഹള്ളി റെയിൽവേ പോലീസിന് അന്വേഷണം കൈമാറും. .
സ്യൂട്ട്കേസ് ഓടുന്ന ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞതാകാം എന്ന നിഗമനത്തിലാണ് ബൈയപ്പനഹള്ളി റെയിൽവെ പോലീസിന് കൈമാറുന്നത്. “സാധാരണയായി, ഇത്തരം കേസുകൾ റെയിൽവേ പോലീസിന്റെ അധികാരപരിധിയിലാണ് വരുന്നത്, തിരിച്ചറിയൽ കാർഡോ വസ്തുക്കളോ കണ്ടെത്താനാകാത്തതിനാൽ ഇരയുടെ ഐഡന്റിറ്റി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.” ബെംഗളൂരു റൂറൽ പോലീസ് സൂപ്രണ്ട് സി കെ ബാബ പറഞ്ഞു. പെൺകുട്ടിയെ തിരിച്ചറിയുന്നതിനും കേസുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ കണ്ടെത്തുന്നതിനുമായി അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
,