ആറ്റിങ്ങൽ : കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥൻ തന്നെ മദ്യപിച്ചെത്തി. ആറ്റിങ്ങല്‍ യൂണിറ്റിലെ മേധാവി എം എസ് മനോജാണ് ഇത്തരത്തിൽ നിരുത്തരവാദപരമായി ജോലിക്കെത്തി സസ്‌പെന്‍ഷനിലായത്.
കഴിഞ്ഞ മെയ് 2നാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഉത്തരവാദപ്പെട്ട യൂണിറ്റ് ഇന്‍സ്‌പെക്ടറായ എം എസ് മനോജ് ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനക്ക് മദ്യപിച്ചെത്തിയത്. രാവിലെ അഞ്ച് മണിക്കുള്ള പരിശോധന നടത്തിയപ്പോള്‍ തന്നെ ഇയാളുടെ പെരുമാറ്റത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്കും മറ്റ് ജീവനക്കാർക്കും ചില സംശയങ്ങള്‍ തോന്നിയിരുന്നു. പിന്നീട് ജീവനക്കാര്‍ തന്നെ മനോജിനോട് സ്വയം ബ്രെത്ത് അനലൈസര്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടപ്പോൾ തയ്യാറാവാതെ ഇയാള്‍ ഒഴിഞ്ഞു മാറി. സമ്മര്‍ദം ഏറിയതോടെ മനോജ് പിന്‍വാതിലിലൂടെ ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തിൽ എം എസ് മനോജ് മദ്യപിച്ചിരുന്നതായി കണ്ടെത്തി.